
ദില്ലി: അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ ഇന്ന് ദില്ലിയിലെത്തും. കാബൂളിൽ നിന്ന് ഖത്തറിൽ എത്തിച്ച 146 പേരുമായി വിമാനം ദില്ലിയിലേക്ക് ഉടൻ തിരിക്കും. മലയാളികൾ ഉൾപ്പടെ 392 പേരെ മൂന്ന് വിമാനങ്ങളിലായി ഇന്നലെ ദില്ലിയിൽ എത്തിച്ചിരുന്നു. ഇനി അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
പാഞ്ച് ഷിർ പ്രവിശ്യയെ ആക്രമിക്കാൻ ഒരുങ്ങിയിരിക്കുകയാണ് താലിബാൻ. ആയിരക്കണക്കിന് താലിബാൻ അനുയായികൾ പാഞ്ച് ഷിർ വളഞ്ഞെന്നും ഉടൻ ആക്രമണം ഉണ്ടാകുമെന്നും താലിബാൻ വക്താവ് അറിയിച്ചു. അഫ്ഘാനിസ്ഥാനിലെ 33 പ്രവിശ്യകൾ താലിബാന് കീഴടങ്ങിയിട്ടും അതിന് തയ്യാറാവാതെ ചെറുത്തു നിൽക്കുന്ന പ്രവിശ്യയാണ് പാഞ്ച് ഷിർ. അഷ്‌റഫ് ഗനി സർക്കാരിൽ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാൻ വിരുദ്ധ നേതാക്കൾ ഇപ്പോൾ പാഞ്ച് ഷിർ പ്രവിശ്യയിലാണുള്ളത്. ആക്രമിക്കാൻ മുതിർന്നാൽ താലിബാന് കനത്ത തിരിച്ചടി നൽകുമെന്ന് വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam