
ദില്ലി: അഹമ്മദാബാദിൽ സമാനതകളില്ലാത്ത സ്വീകരണമാകും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് നല്കുകയെന്ന് വിദേശകാര്യമന്ത്രാലയം. ട്രംപിനെ സ്വാഗതം ചെയ്യുന്ന പ്രത്യേക വീഡിയോയും വിദേശകാര്യമന്ത്രാലയം പുറത്തു വിട്ടു. അതേസമയം പരിപാടി സംഘടിപ്പിക്കുന്ന സ്വീകരണ സമിതിയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
പല ഭാഷകളിൽ ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യുന്ന ഈ വിഡിയോ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് പുറത്തു വിട്ടത്. അഹമ്മദാബാദിലെ സ്വീകരണം മറക്കാനാകാത്ത അനുഭവമാകുമെന്ന വിശദീകരണവും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉന്നതതല ബന്ധം ശക്തമാകുന്നതിൻറെ തെളിവാണ് ട്രംപിന്‍റെ സന്ദര്‍ശനമെന്നും. ഹ്രസ്വമെങ്കിലും ഏറെ പ്രധാനപ്പെട്ടതാകും സന്ദർശനമെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറയുന്നത്.
സർക്കാർ നേരിട്ടല്ല മറിച്ച് ഡോണൾഡ് ട്രംപ് പൗരസ്വീകരണ സമിതിയാവും നമസ്തെ ട്രംപ് സംഘടിപ്പിക്കുക. പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കണോ എന്നും സമിതി തീരുമാനിക്കുമെന്ന് വിദേശകാര്യവക്താവ് പറഞ്ഞു. ഈ സമിതി ആരുടെ അദ്ധ്യക്ഷതയിലാണെന്നും ഗുജറാത്ത് സർക്കാർ പണം ചെലവഴിക്കുന്നത് എന്തിനെന്നും കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല ചോദിച്ചു.
ഡോണൾഡ് ട്രംപും ഇന്ത്യയിലെ സ്വീകരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ട്വീറ്റ് ചെയ്യുന്നുണ്ട്. ഒരമേരിക്കൻ പ്രസിഡൻറിന് വിദേശത്ത് കിട്ടുന്ന ഏറ്റവും വലിയ സ്വീകരണമായി നമസ്തെ ട്രംപ് മാറ്റാനാണ് എന്തായാലും സർക്കാർ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam