
ദില്ലി: പഞ്ചാബിലെ (Punjab) പ്രതിസന്ധിക്ക് ശേഷം കോണ്‍ഗ്രസ് (Congress) ഭരിക്കുന്ന ഛത്തീസ്ഗഡിലും (chhattisgarh) രാജസ്ഥാനിലും (Rajasthan) പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ (Bhupesh Bhagal) മാറ്റണമെന്ന് ആരോഗ്യമന്ത്രി ടിഎസ് സിങ് ദേവ് (TS Singhdev) നിരന്തരം ആവശ്യപ്പെടുകയാണ്. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ മാറാം എന്ന പഴയ വാഗ്ദാനം ബാഗല്‍ ലംഘിച്ചു എന്നാണ് പരാതി. ഇരുപക്ഷത്തെയും എംഎല്‍എമാര്‍ സമ്മര്‍ദ്ദവുമായി ദില്ലിയിലേക്ക് വരുന്നുണ്ട്. എന്നാല്‍ തല്‍ക്കാലം നേതൃമാറ്റം ഇല്ലെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
യുപി തെരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി ബാഗലിനെ നിയമിച്ചിരുന്നു. തെരഞ്ഞെടുപ്പ് വരെ ബാഗല്‍ തുടരട്ടെ എന്നാണ് തീരുമാനം. രാജസ്ഥാനില്‍ അശോക് ഗലോട്ടിനെ മാറ്റാനും നീക്കം തുടങ്ങിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സാഹചര്യത്തില്‍ ഗെലോട്ടിനെ മാറ്റണമെന്ന് സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും സച്ചിന്‍ കണ്ടു.
എന്നാല്‍, അടുത്ത പതിനഞ്ചു കൊല്ലം താന്‍ അധികാരത്തില്‍ തുടരും എന്നാണ് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപിക്കെതിരെയാണ് ഗെലോട്ട് സംസാരിച്ചതെങ്കിലും പ്രതികരണം ഹൈക്കമാന്‍ഡിനുള്ള സന്ദേശം മായി. രാജസ്ഥാനിലെ നേതൃമാറ്റവും തല്‍ക്കാലം വേണ്ടെന്നുവെക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗോവയില്‍ ഇതിനിടെ കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടും എന്ന സൂചന നല്‍കി.
പഞ്ചാബില്‍ നേതൃമാറ്റത്തിനു ശേഷം കൈപൊള്ളിയതാണ് മറ്റു സ്ഥലങ്ങളിലെ നീക്കം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്. പ്രവര്‍ത്തകസമിതിയിലെ സ്ഥിരം അംഗങ്ങളുടെ മാത്രം യോഗംവിളിക്കണമെന്ന ഗുലാംനബി ആസാദിന്റെ നിര്‍ദ്ദേശം അംഗീകരിക്കില്ല എന്ന സൂചനയും പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam