
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുൾപ്പെടെ ചർച്ചകൾ നടന്നു വരികയാണ്. മുഖ്യമന്ത്രിയെ ബിജെപി പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്ന് ബിജെപി ദേശീയ ജന സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും എഎപിയുടെ പ്രധാന നേതാക്കളെല്ലാം തോൽക്കുന്നതിലൂടെ ജനവിധി വ്യക്തമായെന്നും അരുൺ സിംഗ് കൂട്ടിച്ചേർത്തു.
അതേസമയം, പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പ്രധാന മന്ത്രി മോദി 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. 25 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവെച്ചത്. ലീഡ് നില മാറി മറിയുമ്പോള്‍ ബിജെപിയാണ് ലീഡില്‍ നില്‍ക്കുന്നത്. കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി രണ്ടാം സ്ഥാനത്താണ്. ബിജെപി 45 സീറ്റിലും എഎപി 25 സീറ്റിലും മുന്നിലാണ്.
ത്രികോണമത്സരം നടന്ന രാജ്യ തലസ്ഥാനത്ത് 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപി മികച്ച വിജയം നേടുമെന്നാണ് പ്രവചിച്ചത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിരുന്നില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. 2020-ൽ എഎപി 62 സീറ്റും ബിജെപി എട്ട് സീറ്റുമാണ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam