റഫാല്‍: ഹിന്ദു പത്രത്തിനെതിരെ കേസെടുക്കുമെന്ന് കേന്ദ്രം, മോഷ്ടിച്ച തെളിവും നോക്കുമെന്ന് കോടതി

Published : Mar 06, 2019, 04:32 PM ISTUpdated : Mar 06, 2019, 05:46 PM IST
റഫാല്‍: ഹിന്ദു പത്രത്തിനെതിരെ കേസെടുക്കുമെന്ന് കേന്ദ്രം, മോഷ്ടിച്ച തെളിവും നോക്കുമെന്ന് കോടതി

Synopsis

റോഡോ അണക്കെട്ടോ ആയി ബന്ധപ്പെട്ട പൊതുതാല്പപര്യ ഹർജിയാണെങ്കിൽ ശരി. പക്ഷെ ഇത് റഫാൽ ഇടപാടാണ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടു വരുന്ന വാദങ്ങളും പ്രതിവാദങ്ങളും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്. ഈ കേസ് കോടതി പരിഗണിക്കരുത്... വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍  

ദില്ലി: റഫാല്‍ കേസ് വാദത്തിനിടെ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സുപ്രീംകോടതി ജഡ്ജിമാരും തമ്മില്‍ രൂക്ഷമായ വാഗ്വാദം. ഹിന്ദു പത്രം പുറത്തു വിട്ട രഹസ്യരേഖകള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിനിര്‍ണായക രേഖകളാണെന്നും ഇതു ചോര്‍ത്തിയതും പ്രസിദ്ധീകരിച്ചതും ഗുരതരമായ കുറ്റകൃതമാണെന്നും എജി കെകെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചു. മോഷ്ടിച്ച സര്‍ക്കാര്‍ രേഖകളാണ് കോടതിക്ക് മുന്‍പെ എത്തിച്ചിരിക്കുന്നതെന്നും അതീവഗൗരവ സ്വഭാവത്തിലുള്ള ഈ രേഖകള്‍ കോടതി പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്നും എജി ആവശ്യപ്പെട്ടു. 

രാജ്യസുരക്ഷുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ടത് കോടതിയലക്ഷ്യമാണ്. ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത രേഖകളായിരുന്നു ഇതെല്ലാം. പ്രതിരോധ രേഖകൾ വിവരാവകാശ നിയമപരിധിയിൽ വരുന്നതല്ല. രഹസ്യഫയലുകള്‍ (കോണ്‍ഫിഡന്‍ഷ്യല്‍) എന്ന് രേഖപ്പെടുത്തിയ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.

ഇവ പുറത്ത് വിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കി. റഫാൽ വിമാനങ്ങൾ ഉപയോഗിക്കാൻ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിത്തുടങ്ങി. ഈ ഘട്ടത്തില്‍ ഇനി കരാറില്‍ നിന്നും പുറത്തു പോകാന്‍ സാധിക്കില്ല. റഫാല്‍ വിമാനങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ആവശ്യമാണ്. എഫ്-16 വിമാനങ്ങളെ നേരിടാന്‍ ഇവയ്ക്കേ സാധിക്കൂ.മിഗ് 21 പഴയതാണെങ്കിൽ പോലും നമ്മൾ മികച്ച പ്രകടനം കാഴ്ചവച്ചു. നമ്മുക്ക് വേണ്ടത് റഫാല്‍ പോലുള്ള പോര്‍വിമാനങ്ങളാണെന്നും എജി ചൂണ്ടിക്കാട്ടി. 

രഹസ്യരേഖകള്‍ ചോര്‍ത്തുകയും പരസ്യപ്പെടുത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവർ വിചാരണ നേരിടേണ്ടി വരും. രണ്ടു ദിനപത്രങ്ങൾക്ക് എതിരെയും ഒരു മുതിർന്ന അഭിഭാഷകന് എതിരെയും ക്രിമിനൽ നടപടി എടുക്കും.

പ്രതിരോധ മന്ത്രാലയത്തിൽ നിന്നുമാണ് റഫാൽ രേഖകൾ മോഷ്ടിച്ചിരിക്കുന്നത്. ഇത് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ്. ഇതില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇത് അതീവ ഗൗരവമേറിയ വിഷയം സർക്കാർ ഉദ്യോഗസ്ഥർ തന്നെയാകാം രേഖകൾ മോഷ്ടിച്ചത്.  കോടതിയെ സ്വാധീനിക്കാൻ ആണ് റിപ്പോർട്ടുകൾ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും എജി പറഞ്ഞു. 

മോഷ്ടിച്ച രേഖകൾ പോലും പ്രസക്തമെങ്കിൽ പരിഗണിക്കാമെന്ന് കോടതി തന്നെ നിരവധി വിധികളിൽ പറഞ്ഞിട്ടുണ്ടെന്നു ജസ്റ്റിസ് കെഎം ജോസഫ് വാദത്തിനിടെ ചൂണ്ടിക്കാട്ടി. പുനപരിശോധന ഹർജിയിൽ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോൾ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നില്ലെന്നും കെഎം ജോസഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ചില കാര്യങ്ങൾ കോടതിയുടെ പരിഗണനയ്ക്ക് പുറത്താണെന്ന് എജി ഈ വാദത്തെ ഖണ്ഡിച്ചു കൊണ്ട് പറഞ്ഞു. യുദ്ധം തുടങ്ങാണോ വേണ്ടയോ എന്ന് കോടതിയിൽ വന്ന് അനുമതി തേടാൻ ആകുമോയെന്നു എജി സുപ്രീംകോടതിയോട് ചോദിച്ചു. ഈ ഘട്ടത്തില്‍  നിങ്ങൾ ദേശീയ സുരക്ഷയെപ്പറ്റി ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണല്ലോ എന്നായിരുന്നു ജസ്റ്റിസ് കെഎം ജോസഫിന്‍റെ മറുപടി. 

നിരപരാധി ആണെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രതി രേഖകൾ മോഷ്ടിച്ച് ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കുന്നു. ഈ രേഖകൾ പ്രകാരം പ്രതി നിരപരാധിയാണ്. അപ്പോൾ ജഡ്ജി രേഖ സ്വീകരിക്കാതിരിക്കുകയാണോ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് ചോദിച്ചു. ഉറവിടം വെളിപ്പെടുത്തിയാൽ മാത്രമേ രേഖകൾ പരിഗണിക്കാവൂ എന്ന് ഇതിന് എജി മറുപടി നല്‍കി. രേഖകളുടെ പ്രസക്തി മാത്രമല്ല വിഷയം. വിരമിച്ച ഉദ്യോഗസ്ഥർ ആണോ നിലവിൽ സർവീസിൽ ഉള്ളവരാണോ രേഖകൾ നൽകിയെന്നത് ഹർജിക്കാർ വ്യക്തമാക്കണമെന്നും എജി പറഞ്ഞു. 

റോഡോ അണക്കെട്ടോ ആയി ബന്ധപ്പെട്ട പൊതുതാല്പപര്യ ഹർജി ആണെങ്കിൽ കോടതി പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്. പക്ഷെ ഇത് റഫാൽ ഇടപാടാണ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. കോടതിയെ രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കാൻ അനുവദിക്കരുത്. ജുഡീഷ്യറി സംയമനം പാലിക്കണം സുപ്രീംകോടതിയെ വിമര്‍ശിച്ചു കൊണ്ട് എജി പറഞ്ഞു. രേഖയുടെ ഉറവിടം വെളിപ്പെടുത്താൻ പ്രതിക്ക് ബാധ്യതയുണ്ട്. അങ്ങനെ എങ്കിൽ മാത്രമേ കോടതി അത് പരിഗണിക്കാവൂ.- എതിര്‍ വാദങ്ങള്‍ തള്ളി എജി കെകെ വേണുഗോപാല്‍ പറഞ്ഞു. 

സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ നിന്ന്...

ചീഫ് ജസ്റ്റിസ് : ഒരാൾ ഒരു പൊതുതാൽപര്യ ഹർജി നൽകുന്നുവെന്ന് കരുതുക.  അയാളുടെ ഉദ്ദേശം ശരിയല്ലെന്ന് കണ്ടാൽ ഞങ്ങൾ കേൾക്കില്ല. പക്ഷെ ഉദ്ദേശ ശുദ്ധി നല്ലതാണെങ്കിൽ കേൾക്കും. അതിനായി അമിക്കസ് ക്യൂറിയെ നിയമിക്കും. ഇവിടെയോ..

അറ്റോർണി ജനറൽ : റോഡോ അണക്കെട്ടോ ആയി ബന്ധപ്പെട്ട പൊതുതാല്പപര്യ ഹർജി ആണെങ്കിൽ ശരി. പക്ഷെ ഇത് റഫാൽ ഇടപാടാണ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടു വരുന്ന വാദങ്ങളും പ്രതിവാദങ്ങളും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്. റഫാലുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് വരുന്ന എന്തും സർക്കാരിനെ അസ്ഥിരമാക്കാൻ പ്രതിപക്ഷം ഉപയോഗിക്കും. ഈ കേസ് കോടതി പരിഗണിക്കരുത്. 

ചീഫ് ജസ്റ്റിസ് : നിരപരാധി ആണെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടുള്ള ഒരു പ്രതി രേഖകൾ മോഷ്ടിച്ച് ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കുന്നു. ഈ രേഖകൾ പ്രകാരം പ്രതി നിരപരാധിയാണ്.  അപ്പോൾ ജഡ്ജി രേഖ സ്വീകരിക്കാതിരിക്കു കയാണോ വേണ്ടത്?

ജസ്റ്റിസ് കെഎം.ജോസഫ് : അറ്റോർണി ജനറൽ, നിങ്ങൾ നിയമത്തെ പറ്റി പറയൂ. നിങ്ങൾ നിയമത്തെപ്പറ്റിയല്ല പറഞ്ഞുകൊണ്ടിരിക്കുന്നത്, ഇത് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. മോഷ്ടിച്ച രേഖകൾ പോലും പ്രസക്തമെന്ന് കണ്ടാൽ കോടതിക്ക് പരിശോധിക്കാൻ ആകും. തെളിവുനിയമത്തിൽ ഇക്കാര്യം വ്യക്‌തമായി പറഞ്ഞിട്ടുണ്ട്. രാജ്യ സുരക്ഷ സംബന്ധിച്ച വിഷയം ഇവിടെ ഉയരുന്നില്ല. ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടോ എന്നതാണ് വിഷയം. അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഔദ്യോഗിക രഹസ്യനിയമത്തിന്റെ ചിറകിനടിയിൽ ഒളിക്കാൻ സർക്കാരിന് കഴിയില്ല

എജി: ഇതിനോട് യോജിക്കാനാവില്ല. രേഖകൾ എവിടെ നിന്ന് ലഭിച്ചു എന്നതും പ്രധാനമാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്ന ഒറ്റക്കാരണത്താൽ റിവ്യൂഹർജികൾ തള്ളണം. 

ജസ്റ്റിസ് കെ എം ജോസഫ്:  രേഖകൾ എങ്ങനെ കൈകലാക്കി എന്നത് കോടതിയുടെ വിഷയമല്ല മിസ്റ്റര്‍ അറ്റോര്‍ണി ജനറല്‍

എജി:നിയമ വിരുദ്ധമായി കിട്ടിയ രേഖകൾ തെളിവായി സ്വീകരിക്കേണ്ടെന്ന് 2004ൽ ജസ്റ്റിന് അരിജിത്ത് പസായത്തിന്റെ വിധിയുണ്ട്. രേഖകൾ ഒരു കാരണവശാലും കോടതി പരിഗണിക്കരുത്. 

ജസ്റ്റിസ് കെ എം ജോസഫ്: എജിയുടെ ഈ വാദമൊക്കെ ബൊഫോഴ്സ് കേസിലും ബാധകമാവുമോ ?

ജസ്റ്റിസ് കൗൾ: ദി ഹിന്ദുവും എൻഐഎയും പുറത്തു വിട്ട റഫാൽ രേഖകൾ മോഷ്ടിച്ചതാണെന്ന് അറ്റോർണി ജനറൽ പറഞ്ഞ കാര്യം അംഗീകരിച്ചാലും കോടതിക്ക് ബോധ്യപ്പെട്ടാൽ രേഖകൾ പരിഗണിക്കേണ്ടി വരും 

സത്യം പുറത്ത് കൊണ്ട് വരാൻ ശ്രമിക്കുന്ന ഹർജിക്കാർക്കെതിരെ നടപടി എടുക്കുമെന്ന എജിയുടെ പ്രസ്താവന പരസ്യമായ ഭീഷണിയാണെന്ന് കേസിലെ ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയില്‍ പറഞ്ഞു. ഹര്‍ജികാര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് അറ്റോര്‍ണി ജനറൽ പറയുന്നത് ഭയപ്പെടുത്താനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകൾ കോടതിയെ അറിയിക്കുമ്പോൾ ഇത്തരം ഭീഷണികൾ ഉയർത്തുന്നത് ക്രിമിനൽ കോടതിയലഷ്യമാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. 

അതേസമയം റഫാല്‍ കേസില്‍ ഇനി പുതിയ രേഖകള്‍ പരിശോധിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹിന്ദു എഡിറ്റർ എൻ.റാം നൽകിയ കത്ത് പരിഗണിക്കാൻ ചീഫ് ജസ്റ്റിസിനോട് പ്രശാന്ത് ഭൂഷൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.  നേരത്തെ കേസിൽ സമർപ്പിച്ച രേഖകൾ മാത്രമേ ഇനി പരിശോധിക്കൂ എന്ന് കോടതി പറഞ്ഞു. 

എന്നാല്‍ ശരിയായ രേഖകൾ പരിശോധിച്ചിരുന്നെങ്കിൽ കേസിലെ വിധി മറ്റൊന്ന് ആകുമായിരുന്നുവെന്നു പ്രശാന്ത് ഭൂഷൻ പറഞ്ഞു. രേഖകൾ കോടതിയിൽ നിന്ന് മറച്ചുവച്ചു കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജരേഖ ചമചതിന് കേസ് എടുക്കണം എന്നും അദ്ദേഹം പറഞ്ഞു. 

റഫാൽ കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവരാണ് റഫാൽ കേസിൽ പുതിയ രേഖകൾ പുറത്തു വന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്