
ചെന്നൈ: ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായം 16 വയസ്സാക്കുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 16നും 18നും ഇടയിലുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോക്സോ പരിധിയില്‍ ഉള്‍പ്പെടരുതെന്നും കുട്ടി (child) എന്ന നിര്‍വചനം 18ല്‍നിന്ന് 16 വയസ്സാക്കണമെന്നത് പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. 16 വയസ്സ് പിന്നിട്ടവരുടെ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധങ്ങള്‍ പോക്സോയില്‍നിന്ന് ഒഴിവാക്കി ലൈംഗികാതിക്രമവും കൗമാര ബന്ധങ്ങളും വെവ്വേറെ കാണണമെന്നും ജസ്റ്റിസ് വി. പാര്‍ത്ഥിപന്‍ നിരീക്ഷിച്ചു. നാമക്കല്‍ മഹിളാ കോടതി പോക്സോ നിയമപ്രകാരം 10 വര്‍ഷം തടവിനും 3000 രൂപ പിഴയ്ക്കും ശിക്ഷിച്ച ഒരാളുടെ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ഈ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ്സിന് താഴെയാണ് പ്രായം. മാനസികമായും ശാരീരികമായും പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധം. പക്ഷേ പോക്സോ നിയമപ്രകാരം ഏഴ് മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. യഥാര്‍ത്ഥ സാമൂഹികാവസ്ഥ മനസ്സിലാക്കി ശൈശവം എന്ന നിര്‍വചനം മാറ്റേണ്ടത് ആലോചിക്കണം- കോടതി അഭിപ്രായപ്പെട്ടു.
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിനുള്ള പ്രായം 18ല്‍നിന്ന് 16 ആക്കണമെന്നത് വിവിധ കോണുകളില്‍നിന്ന് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. എന്നാല്‍, പ്രായം കുറച്ചാല്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുമെന്നാണ് ശിശു സംരക്ഷണ പ്രവര്‍ത്തകരുടെ അഭിപ്രായം. ഇന്ത്യന്‍ സാഹചര്യത്തില്‍ നിയമം മാറ്റിയാല്‍ പെണ്‍കുട്ടികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നു. അതേസമയം, കൗമാരക്കാര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധം പുറത്തറിയുമ്പോഴാണ് പോക്സോ കേസ് ചുമത്തപ്പെടുന്നവയില്‍ അധികമെന്നും പരാതികളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam