'കൊല്ലപ്പെട്ട പൈലറ്റുമാരെ ഉന്നമിടുന്നത് ഗൂഢനീക്കം'; എയര്‍ഇന്ത്യക്കും ബോയിങിനുമെതിരെ നിയമപോരാട്ടവുമായി കൊല്ലപ്പെട്ട യുകെ പൗരന്മാരുടെ കുടുംബങ്ങള്‍

Published : Jul 14, 2025, 09:16 AM IST
Visual from the site of plane crash site in Ahmedabad on June 12 (Photo/ANI)

Synopsis

ബോയിംഗിനെതിരെ ലണ്ടനിലും എയർ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കും

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിയമപോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കൊല്ലപ്പെട്ട യു കെ പൗരന്മാരുടെ കുടുംബങ്ങൾ വ്യക്തമാക്കി. എയര്‍ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും കിസ്റ്റോൺ ലോയെന്ന നിയമസ്ഥാപനം മുഖേന ഉടൻ ഹർജി നൽകുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബോയിംഗിനെതിരെ ലണ്ടനിലും എയർ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കും. കൊല്ലപ്പെട്ട പൈലറ്റുമാരെ ഉന്നമിടുന്നത് ഗൂഢനീക്കമാണ്.

ബോയിംഗിന്‍റെ എഞ്ചിനിലെ തകരാറോ അറ്റകുറ്റപ്പണിയിൽ എയർ ഇന്ത്യ വരുത്തിയ വീഴ്ചയോ പരിശോധിക്കപ്പെടുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സാങ്കേതിക പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഫ്യുവല്‍ സ്വിച്ചുകളുടെ പരിശോധന നടത്തണമെന്ന യുഎസ് ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ നിര്‍ദ്ദശം എയര്‍ ഇന്ത്യ പാലിച്ചിരുന്നില്ലെന്നും ഇക്കാര്യമടക്കം അന്വേഷിക്കാതെയാണ് പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ടെന്നും ഇവര്‍ ആരോപിക്കുന്നു.

റിപ്പോര്‍ട്ട് തെറ്റാണെന്നും അംഗീകരിക്കില്ലെന്നും ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയയെും ബോയിങ് വിമാന കമ്പനിയെയും സര്‍ക്കാരിനെയും സംരക്ഷിക്കാൻ വേണ്ടിയാണ് എല്ലാം പൈലറ്റിന്‍റെ കുറ്റമായി ചിത്രീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടെന്ന് കൊല്ലപ്പെട്ട യുകെ പൗരന്‍റെ സഹോദരൻ അമീൻ സിദ്ദീഖി ആരോപിച്ചു. 

എയര്‍ ഇന്ത്യ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാൽ, എന്താണ് സംഭവിച്ചതെന്നതിന്‍റെ സത്യമാണ് ആദ്യം അറിയേണ്ടതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും സിദ്ദീഖി പറഞ്ഞു. കൊല്ലപ്പെട്ട മറ്റു യുകെ പൗരന്മാരുടെ കുടുംബാംഗങ്ങളും യുകെയിലെ നിയമവിദഗ്ധരുടെ സഹായത്തോടെ നിയമപരമായി മുന്നോട്ടുപോവുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ലണ്ടനില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗുജറാത്ത് സ്വദേശി സങ്കേത് ഗോസ്വാമിയുടെ പിതാവ് അതുല്‍ ഗോസ്വാമി ആവശ്യപ്പെട്ടു.

അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം. ഫ്യുവല്‍ സ്വിച്ച് ഓഫായതിന് പിന്നില്‍ യന്ത്രതകരാര്‍ സംഭവിച്ചോയെന്നത് വിശദമായ അന്വേഷണത്തില്‍ പരിശോധിക്കണമെന്ന് എയര്‍ ക്രാഫ്റ്റ് ആക്സിഡന്‍റ്ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ തലവന്‍ ആവശ്യപ്പെട്ടു. പൈലറ്റുമാരെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടിനെ പാര്‍ലമെന്‍റില്‍ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

എഞ്ചിനിലേക്കുള്ള ഇന്ധന പ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും കട്ട് ഓഫ് പൊസിഷനിലായതിന് പിന്നില്‍ പൈലറ്റുമാരാണെന്ന ധ്വനിയാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. കോക് പിറ്റ് റെക്കോര്‍ഡറിലെ പൈലറ്റുമാരുടെ സംഭാഷണം മുഴുവന്‍ പുറത്തുവിടാതെ സംശയം ജനിപ്പിക്കുന്ന ഒരു ഭാഗം മാത്രമാണ് റിപ്പോര്‍ട്ടില്‍ പങ്കുവച്ചിരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഫ്യുവല്‍ സ്വിച്ചുകളുടെ പരിശോധന നടത്തണമെന്ന യുഎസ് ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ നിര്‍ദ്ദശം എയര്‍ ഇന്ത്യ പാലിച്ചിരുന്നില്ല.

മാര്‍നിര്‍ദ്ദേശം മാത്രമാണെന്നും നിര്‍ബന്ധമില്ലെന്നുമുള്ള എയര്‍ ഇന്ത്യയുടെ വാദം അതേ പടി അംഗീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല വാള്‍സ്ട്രീറ്റ് ജേര്‍ണ്ണല്‍, റോയിട്ടേഴസ് തുടങ്ങിയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പേ ഉള്ളടക്കം വാര്‍ത്തയാകുകയും ചെയ്തു. പൈലറ്റുമാരെ കരുവാക്കി വിമാനക്കമ്പനികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണെന്ന ആക്ഷേപം പൈലറ്റുമാരുടെ സംഘടന ശക്തമാക്കി. വെള്ള പൂശിക്കഴിഞ്ഞാല്‍ നിയമപോരാട്ടങ്ങളില്‍ വിമാനക്കമ്പനികള്‍ക്ക് വിയര്‍ക്കേണ്ടി വരില്ല.

ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫായതിന് പിന്നില്‍ യന്ത്രത്തകരാറോ, ഇലക്ട്രിക്കല്‍ പ്രശനങ്ങളോ ഉണ്ടായിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയില്‍ വരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മുന്‍ തലവന്‍ അരബിന്ദോ ഹണ്ട വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. പൈലറ്റുമാരെ കേന്ദ്രീകരിച്ചുളള ചര്‍ച്ചകള്‍ ബാലിശമാണ്. 

കരിപ്പൂര്‍ വിമാനദുരന്തിലടക്കം ഹണ്ടയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അതേസമയം, പ്രാഥമിക റിപ്പോര്‍ട്ടിനെ പ്രതിപക്ഷവും സംശയത്തോടെയാണ് കാണുന്നത്. ഏറ്റവുമൊടുവില്‍ ചേര്‍ന്ന പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തില്‍ അന്വേഷണ സമിതിയുടെ ഘടനയിലടക്കം അതൃപ്തി അറിയിച്ച് വ്യോമയാന മന്ത്രാലയത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അഹമ്മദാബാദ് ദുരന്തവും അതിന് പിന്നാലെ നടന്ന സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സുരക്ഷ കാര്യങ്ങളില്‍ എയര്‍ ഇന്ത്യ , ബോയിംഗ് കമ്പനികളെയും എപിഎസി കുറ്റപ്പെടുത്തുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വിമാനകമ്പനികളുടെ സുരക്ഷ പാളിച്ചയിലേക്ക് അന്വേഷണം നീണ്ടാല്‍ വ്യോമയാന മന്ത്രാലയത്തിനും ക്ഷീണമാകും.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോട്ടറിയടിച്ചു കോടിപതിയായി, വിവരം നാടാകെ പരന്നതോടെ പേടിച്ച് വീട് പൂട്ടി സ്ഥലം വിട്ട് ഭാഗ്യവതിയും കുടുംബവും
വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ