
ചെന്നൈ:എന്‍ഡിഎ വിട്ട എഐഡിഎംകെയെ അനുനയിപ്പിക്കാൻ ബിജെപിയുടെ തീവ്രശ്രമം.അസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ. എന്നാൽ ബിജെപിയുമായി ഇനി ഒത്തുതീർപ്പിനില്ലെന്ന് എഐഡിഎംകെ പ്രതികരിച്ചു. തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളുടെ പിന്തുണ ഇല്ലാതെ ഒറ്റയ്ക്ക് നില്കാനുള്ള കരുത്തു ഇനിയും ബിജെപിക്കായിട്ടില്ല.
ഇന്ത്യ മുന്നണി കരുത്താർജിക്കുമ്പോൾ ദേശീയതലത്തിൽ സഖ്യ കക്ഷികളെ നഷ്ടമാകുന്നത് പല വിധത്തിൽ ദോഷം ചെയ്യും. ഈ രണ്ടു കാരണങ്ങളാൽ എത്രയും വേഗം അണ്ണാ ഡിഎംകെയെമടക്കികൊണ്ടു വരണം എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എഐഡിഎംകെയ്ക്കെതിരെ പരസ്യ പ്രസ്താവന പാടില്ല എന്ന് കെ അണ്ണാമലക്ക് നിർദേശം നൽകിയതിന് പിന്നാലെയാണ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ അമിത് ഷാ കളത്തിൽ ഇറക്കിയത്.
പ്രമുഖ എഐഡിഎംകെ നേതാവ് എസ് പി വേലുമണിയുമായി അടുപ്പമുള്ള കോയമ്പത്തൂരിലെ വ്യവസായി മധ്യസ്ഥ ചർച്ചകൾ തുടങ്ങിയെന്നാണു സൂചന. ചെന്നൈയില്‍ ഉണ്ടായിരുന്ന കേന്ദ്ര മന്ത്രി നിർമല സീതാരാമനോട് റിപ്പോർട്ട് നല്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. സമവായ നീക്കങ്ങൾ തുടങ്ങിയെന്ന വാർത്തകൾ മാധ്യമങ്ങളിൽ വന്നതിനു പിന്നാലെ തിരിച്ചുപോകില്ലെന്ന പ്രസ്താവനയുമായി എഐഡിഎംകെ രംഗത്തെത്തി.
അണ്ണാദുരെയെ വരെ അപമാനിച്ചത് കൊണ്ടാണ് സഖ്യം ഉപേക്ഷിച്ചതെന്നും പുതിയ മുന്നണി ഉടൻ രൂപകരിക്കുമെന്നും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസ്വാമി പ്രതികരിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് നിർബന്ധം ഇല്ലെന്നും മുനുസ്വാമി പറഞ്ഞു.