ഫ്ലക്സ് ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; എഐഎഡിഎംകെ നേതാവിനെ റിമാന്‍റ് ചെയ്തു

By Web TeamFirst Published Sep 28, 2019, 4:11 PM IST
Highlights

മുന്‍ കൗണ്‍സിലറായ ജയഗോപാലിനെയാണ് അലന്തൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തത്. 

ചെന്നൈ: ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ, അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവിനെ റിമാന്‍റ് ചെയ്തു. മുന്‍ കൗണ്‍സിലറായ ജയഗോപാലിനെയാണ് റിമാന്‍റ് ചെയ്തത്. അലന്തൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജയഗോപാലിനെ റിമാന്‍റ് ചെയ്തത്. 

സെപ്തംബര്‍ 12നാണ് സ്കൂട്ടറില്‍ പോകുകയായിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനിയിര്‍ ശുഭശ്രീയൂടെ മേല്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് വീണത്. എഐഎഡിഎംകെ നേതാക്കളുടെ ചിത്രങ്ങളുള്ള വിവാഹത്തിന്‍റേതായിരുന്നു ഫ്ലക്സ്. ജയഗോപാലിന്‍റെ കുടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന്‍റേതായിരുന്നു ഈ ഫ്ലക്സ്. 

അനധികൃതമായി ഫ്ലക്സ് വച്ച ഗോപാലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 13 മുതല്‍ ജയഗോപാല്‍ ഒളിവിലായിരുന്നു. ഫ്ലക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. 

സംഭവത്തിൽ സർക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുസ്ഥലത്ത് ഫ്ലക്സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും വിഷയത്തില്‍ ഉത്തരവുകള്‍ ഇറക്കി മടുത്തെന്നും കോടതി പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ നാമക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് പൊട്ടിവീണ് രണ്ട് പേർ മരിച്ചിരുന്നു. 

click me!