മുഖ്യമന്ത്രി സ്ഥാനാർത്ഥിയാര്? വീണ്ടും പോരിന് ഇപിഎസ്സും ഒപിഎസ്സും, തിരക്കിട്ട യോഗങ്ങൾ

By Web TeamFirst Published Oct 7, 2020, 9:13 AM IST
Highlights

അണ്ണാഡിഎംകെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരെ നിരത്തി ശക്തി തെളിയിക്കാനാണ് ഇപിഎസ് ശ്രമിക്കുന്നത്. അതേസമയം, ഒപിഎസ്സ് വീട്ടിൽ മന്ത്രിമാരെ അടക്കം വിളിച്ച് ചേർത്ത് യോഗം നടത്തുന്നു.

ചെന്നൈ: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. സ്ഥാനം വിട്ടുനൽകില്ലെന്ന് ഉറപ്പിച്ചു നിൽക്കുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും കരുനീക്കങ്ങൾ തുടരുന്ന ഒ പനീർസെൽവവും ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. പാർട്ടിയ്ക്കുള്ളിൽ കലഹം അതിന്‍റെ മൂർദ്ധന്യത്തിൽ നിൽക്കേ, ഇരുപക്ഷവും അവരവരുടെ വസതികളിൽ പിന്തുണയ്ക്കുന്ന മന്ത്രിമാരുമായി യോഗം ചേരുകയാണ്. അതേസമയം, അണ്ണാഡിഎംകെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഇപിഎസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളും തോരണങ്ങളുമായി പ്രവർത്തകരും നിരന്നു. ഇതോടെ, സ്വതവേ ദുർബലമായ അണ്ണാഡിഎംകെയിൽ വീണ്ടും ഒരു തമ്മിൽപ്പോരിന് തുറന്ന കളമൊരുങ്ങുകയാണ്.

ഒപിഎസ്സിന് പാർട്ടി കൺവീനർ പദവി നൽകാമെന്നും, ഇപിഎസ്സിനെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നുമാണ് പളനിസ്വാമി പക്ഷം മുന്നോട്ടുവയ്ക്കുന്ന ഫോർമുല. മുതിർന്ന മന്ത്രിമാരായ സെങ്കോട്ടയ്യൻ, കടമ്പൂർ രാജു, ഡി ജയകുമാർ എന്നിവർ പളനിസ്വാമി പക്ഷത്താണ്. അവർ ഇപ്പോഴും മുഖ്യമന്ത്രിയുടെ വസതിയിൽ ചർച്ചകൾ നടത്തുകയുമാണ്. അതേസമയം, ഒപിഎസ്സിന്‍റെ വിശ്വസ്തരായ പാർട്ടി ഡെപ്യൂട്ടി കോർഡിനേറ്റർ കെ പി മുനിസാമി, മനോജ് പാണ്ഡ്യൻ, മുൻമന്ത്രിയായ നഥം വിശ്വനാഥൻ എന്നിവർ ഒപിഎസ്സിന്‍റെ ചെന്നൈ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

മുഖ്യമന്ത്രിപദം ഒരു കാരണവശാലും ഇപിഎസ്സ് വിട്ടുനൽകില്ല. പാർട്ടിയിൽ കൂടുതൽ എംഎൽഎമാർ ഇപിഎസ് പക്ഷത്താണിപ്പോൾ. ആ കരുത്തിലാണ് ഇപിഎസ്സ് വിലപേശുന്നത്.  

എന്നാൽ, കഴിഞ്ഞ കാലമത്രയും ഉപമുഖ്യമന്ത്രി മാത്രമായി ഒതുങ്ങിപ്പോയതിന്‍റെ അതൃപ്തി പനീർശെൽവത്തിനുണ്ട്. മുമ്പ് ഇരുപക്ഷവും തമ്മിലടിച്ചപ്പോൾ, പകുതിക്കാലം മുഖ്യമന്ത്രിയായി ഇപിഎസ്, അത് കഴിഞ്ഞാൽ ഒപിഎസ്സ് എന്ന ആവശ്യം പല തവണ മുന്നോട്ടുവച്ച് തോറ്റതാണ് പനീർശെൽവം. ഇനി മുഖ്യമന്ത്രിസ്ഥാനം കിട്ടാതെ പിന്നോട്ടില്ലെന്ന കടുംപിടിത്തം തുടരുകയാണ് ഒപിഎസ്സ്. മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ പാർട്ടി ജനറൽ സെക്രട്ടറിയാക്കണമെന്ന ആവശ്യമാണ് ഒപിഎസ്സ് മുന്നോട്ടുവയ്ക്കുന്നത്. ഇത് ഇപിഎസ്സിന് ഒട്ടും സ്വീകാര്യമല്ല. 2017-ൽ ചേർന്ന പാർട്ടി ഉന്നതാധികാരസമിതി യോഗത്തിൽ പാർട്ടി നിലനിൽക്കുന്ന കാലം വരെ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായി ജയലളിതയെ മരണാനന്തരവും നിലനി‍ർത്താൻ തീരുമാനിച്ചതാണ്. അത് മാറ്റിയാൽ അണികൾക്കിടയിൽ രോഷമുണ്ടാകുമെന്ന് ഇപിഎസ്സ് വാദിക്കുന്നു. 

തന്നെ പാർട്ടി ജനറൽ സെക്രട്ടറിയാക്കുന്നതിനൊപ്പം, 11 അംഗസ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നതാണ് പനീർശെൽവത്തിന്‍റെ അടുത്ത ആവശ്യം. ഇതിൽ ആറ് അംഗങ്ങൾ തന്‍റെ പക്ഷത്ത് നിന്ന് വേണം. ആകെ ഒപിഎസ് ക്യാമ്പിൽ 11 എംഎൽഎമാരേ ഉള്ളൂ എന്നതിനാൽ, ഒപിഎസ്സിന്‍റെ എല്ലാ ആവശ്യങ്ങളും നടന്നുകിട്ടാൻ വഴിയില്ല. അതുകൊണ്ടുതന്നെ ശക്തി കൂട്ടാൻ ശശികല പക്ഷവുമായി പിന്നാമ്പുറചർച്ചകൾ ഒപിഎസ്സ് നടത്തുന്നുണ്ടെന്നത് തമിഴകത്തെ പരസ്യരഹസ്യമാണ് താനും. 

മറ്റ് മന്ത്രിമാർ അടക്കമുള്ളവർ ഇരുപക്ഷത്തിനുമിടയിൽ പല തവണ സമവായചർച്ച നടത്തിക്കഴിഞ്ഞതാണ് വിവരം. ശശികല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജയിൽമോചിതയായി തിരിച്ചുവരുമെന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ടിടിവി ദിനകരൻ ബിജെപിയുമായടക്കം സജീവമായ ചർച്ചകൾ നടത്തി വരികയാണ്. അങ്ങനെ ഒരു സഖ്യനീക്കമുണ്ടായാൽ, അത് അണ്ണാഡിഎംകെയെ ബാധിക്കും. പ്രത്യേകിച്ച്, ബിജെപിയുടെ, സജീവപിന്തുണയോടെയാണ് അണ്ണാഡിഎംകെ വല്ല വിധേനയും തമിഴ്നാട്ടിലെ ഭരണം ഇക്കാലമത്രയും വീഴാതെ പിടിച്ചുനിർത്തിയത്. കേന്ദ്രസർക്കാരിന്‍റെ പിന്തുണയും സഹകരണവും ശശികലയ്ക്കും ദിനകരനും കിട്ടിയാൽ അത് ഇപിഎസ്സിന്‍റെയും ഒപിഎസ്സിന്‍റെയും ഭാവിയെത്തന്നെ ഇരുളിലാക്കും. അതിനാൽത്തന്നെ ഈ തമ്മിൽപ്പോരിൽ ബിജെപിയുടെ നിലപാട് നിർണായകമാണ്. ജയലളിതയുടെ മരണശേഷം, അണ്ണാഡിഎംകെയുടെ വോട്ടുബാങ്ക് ചിതറിപ്പോയ സ്ഥിതിയാണ്. സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ എല്ലാ ശക്തിയോടെയും പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. കൃത്യമായ ബിജെപി വിരുദ്ധനിലപാടോടെയാണ് ഡ‍ിഎംകെയുടെ പ്രചാരണം. 

click me!