പറക്കലിനിടെ വ്യോമസേനാ വിമാനത്തിന്‍റെ ഇന്ധന ടാങ്ക് താഴെ വീണു

By Web TeamFirst Published Jul 2, 2019, 1:01 PM IST
Highlights

ടാങ്ക് വീണിടത്ത് മൂന്നടി താഴ്ചയില്‍ കുഴി രൂപപ്പെടുകയും തീ പിടിക്കുകയും ചെയ്തിരുന്നു. വ്യോമസേനയുടെ പതിവ് പറക്കലിനിടെയായിരുന്നു സംഭവം. 

കോയമ്പത്തൂര്‍: വ്യോമസേനാ വിമാനത്തിന്‍റെ ഇന്ധന ടാങ്ക് പറക്കുന്നതിനിടെ താഴെ വീണു. കോയമ്പത്തൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു കൃഷിയിടത്തിലാണ് 1200 ലിറ്റര്‍ ഇന്ധന ടാങ്ക് വീണത്. രാവിലെ 8.40 ഓടെയായിരുന്നു സംഭവം.  തേജസ് വിമാനം പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ടാങ്ക് വീണത്. 

എങ്ങനെയാണ് ടാങ്ക് വീണതെന്നറിയില്ലെന്ന് വ്യമോസേനാ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അധികമുള്ള ടാങ്ക് നഷ്ടപ്പെട്ടെങ്കിലും വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ടാങ്ക് വീണിടത്ത് മൂന്നടി താഴ്ചയില്‍ കുഴി രൂപപ്പെടുകയും ടാങ്ക് കത്തിപ്പിടിക്കുകയും ചെയ്തിരുന്നു. വ്യോമസേനയുടെ പതിവ് പറക്കലിനിടെയായിരുന്നു സംഭവം. 

സമാന സംഭവം കഴിഞ്ഞ ദിവസം ഹരിയായനിലും ഉണ്ടായി. പരിശീലനത്തിനിടെ നിയന്ത്രണം തെറ്റിയ യുദ്ധവിമാനത്തില്‍ നിന്ന്  അധികമുള്ള ഇന്ധന ടാങ്കും, ബോംബുകളും പൈലറ്റ് ഉപേക്ഷിച്ചു. അംബാല വ്യോമസേന താവളത്തിലാണ് സംഭവം അരങ്ങേറിയത്. അംബാല വ്യോമസേന കേന്ദ്രത്തില്‍ നിന്നും പരിശീലനത്തിനായി ജാഗ്വാര്‍ വിമാനം പറന്നുയര്‍ന്ന് പത്താം സെക്കന്‍റില്‍ വിമാനം പക്ഷികൂട്ടത്തില്‍ ഇടിച്ച് അതിന്‍റെ നിയന്ത്രണം നഷ്ടമായി.

ഇടിയില്‍ ഒരു എഞ്ചിന് തകരാര്‍ സംഭവിച്ചു വലിയ ഒരു അപകടം പൈലറ്റ് മുന്നില്‍കണ്ടു. ഇതോടെ വിമാനത്തിലെ അധികമുള്ള ഇന്ധന ടാങ്കും, ബോംബുകളും പൈലറ്റ് വിമാനത്തില്‍ നിന്നും വിടുവിച്ചു. ഇവ റണ്‍വേയ്ക്ക് അടുത്തുള്ള കുറ്റിക്കാട്ടില്‍ വീണു പൊട്ടി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യോമസേന തന്നെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരുന്നു. 

click me!