എയർഹോസ്റ്റസിനെ മുംബൈയിൽ ഫ്ലാറ്റിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി

By Web TeamFirst Published Jun 6, 2019, 8:09 AM IST
Highlights

മാളിന് സമീപത്തെ ബാറിൽ കയറിയ ഇരുവരും ബാറിലെ സമയം അവസാനിക്കുന്നത് വരെ ഇവിടെയിരുന്ന് മദ്യപിച്ചതായും പൊലീസ് പറയുന്നു

മുംബൈ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗ പരാതി. മുംബൈയിലാണ് സ്വകാര്യ വിമാനക്കമ്പനിയിൽ എയർഹോസ്റ്റസായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. 25 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ വിമാനക്കമ്പനിയുടെ സെക്യുരിറ്റി ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവസമയത്ത് മുറിയിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് ഇരയുടെ മൊഴി. സ്വപ്നിൽ ബദോനിയ എന്ന 23 കാരനായ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ട് പേരുടെ സംഭവത്തിലെ റോൾ എന്താണെന്ന് വ്യക്തമായിട്ടില്ല. 

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഹൈദരാബാദിൽ നിന്ന് മുംബൈയിലെത്തിയതായിരുന്നു ഇവർ. ഇവിടെ വച്ചാണ് സ്വപ്‌നിൽ ബദോനിയയെ കാണുന്നത്. ഒരേ കാറിൽ വിമാനത്താവളത്തിൽ നിന്നും ഇവർ പുറത്തേക്ക് പോയി. പിന്നീട് ബദോനിയയെ മലാദ് എന്ന സ്ഥലത്തെ മാളിന് സമീപം ഇറക്കിയ ശേഷം യുവതി യാത്ര തുടർന്നു. വീട്ടിലെത്തി വേഷം മാറിയ ശേഷം യുവതിയും മാളിന് സമീപത്തെത്തി.

ഇവിടെ ബാറിൽ കയറി ഇരുവരും ബോധം മറയും വരെ മദ്യപിച്ചതായും പൊലീസ് പറയുന്നു. പിന്നീട് യുവതിയുമായി താൻ ആദ്യം ഹോട്ടൽ മുറിയിൽ പോകാനാണ് ശ്രമിച്ചതെന്നും എന്നാൽ മുറി കിട്ടാതിരുന്നത് കൊണ്ട് താൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്ന് പ്രതി ബദോനിയ പൊലീസിനോട് പറഞ്ഞു. ഇവിടെ വച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. 

അടുത്ത ദിവസം രാവിലെ ഉറക്കമെണീറ്റ യുവതി തന്റെ ശരീരത്തിൽ മുറിവ് കണ്ട് ബദോനിയയോട് കാര്യം ചോദിച്ചു. എന്നാൽ അയാൾ തനിക്ക് മദ്യപിച്ച് ബോധമുണ്ടായിരുന്നില്ലെന്ന മറുപടിയാണ് നൽകിയത്. മുറിയിലുണ്ടായിരുന്ന സ്ത്രീയോട് ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇവരും ഒന്നും മിണ്ടിയില്ല. മറ്റൊരു സുഹൃത്ത് ഇവരെ പിന്നീട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിതാവ് രാത്രി എവിടെയായിരുന്നുവെന്ന് യുവതിയോട് തിരക്കിയതായും ഈ ഘട്ടത്തിൽ താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സംശയിക്കുന്നതായി യുവതി പറഞ്ഞതായുമാണ് പൊലീസ് ഭാഷ്യം. പിന്നീട് വൈദ്യപരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചു. ബദോനിയയെ ജൂൺ 10 വരെ റിമാന്റ് ചെയ്തു.

 

 

click me!