ഗുരു നാനാക്കിന് ആദരവ്; ചിറകില്‍ സിഖ് പ്രതീകം വരച്ചു ചേര്‍ത്ത് എയര്‍ ഇന്ത്യ

By Web TeamFirst Published Oct 28, 2019, 4:58 PM IST
Highlights

ഇക് ഓങ്കാര്‍ എന്നാല്‍ 'ദൈവം ഒന്നാണ്' എന്നാണ് അര്‍ത്ഥം. ചിറകിലെ ചുവപ്പുനിറത്തില്‍ സ്വര്‍ണ്ണ നിറം കൊണ്ടാണ് ഇക് ഓങ്കാര്‍ എന്ന് എഴുതിയിരിക്കുന്നത്. 

അമൃത്സര്‍: സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിന്‍റെ 550 ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവുമായി എയര്‍ ഇന്ത്യ. ബോയിംഗ് 787 വിമാനത്തിന്‍റെ ചിറകിലാണ് സിഖ് മതത്തിന്‍റെ പ്രതീകമായ ഇക് ഓങ്കാര്‍  വരച്ചുചേര്‍ത്തിരിക്കുന്നത്. അമൃത്സറില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനം യാത്ര തുടങ്ങുന്നതിന് മികച്ച ദിവസം അദ്ദേഹത്തിന്‍റെ 550ാം ജന്മദിനമാണെന്ന് എയര്‍ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനി പറഞ്ഞു. 

ഇക് ഓങ്കാര്‍ എന്നാല്‍ 'ദൈവം ഒന്നാണ്' എന്നാണ് അര്‍ത്ഥം. ചിറകിലെ ചുവപ്പുനിറത്തില്‍ സ്വര്‍ണ്ണ നിറം കൊണ്ടാണ് ഇക് ഓങ്കാര്‍ എന്ന് എഴുതിയിരിക്കുന്നത്. വിമാനം ലോകം മുഴുവന്‍ സഞ്ചരിക്കുന്നുണ്ട്. അപ്പോള്‍ നമ്മള്‍ നല്‍കുന്ന ഒന്നാണ് ദൈവം എന്ന സന്ദേശം എല്ലായിടത്തുമെത്തും. ഇതാണ് സിഖ് പ്രതീകം വിമാനത്തിന് നല്‍കാന്‍ കാരണമെന്നും ലൊഹാനി വ്യക്തമാക്കി. നവംബര്‍ 12നാണ് ഗുരുനാനാക്കിന്‍റെ ജന്മദിനം ആഘോഷിക്കുന്നത്. അമൃത്സറില്‍ നിന്ന് പാറ്റ്നയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് തുടങ്ങിയതിന് പിന്നാലെയാണ് സിഎംഡിയുടെ വാക്കുകള്‍. 

അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 2.55 ന് ആരംഭിച്ച് പാറ്റ്നയിലെ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 5.05ന് അവസാനിക്കും. പാറ്റ്നയില്‍ നിന്ന് രാവിലെ 10.55 ന് ആരംഭിക്കുന്ന സര്‍വ്വീസ് അമൃത്സറില്‍ 11.15 ന് അവസാനിക്കും. എല്ലാ ഞായര്‍, ചൊവ്, വ്യാഴം വെള്ളി ദിവസങ്ങളിലാണ് വിമാനസര്‍വ്വീസ് ഉണ്ടായിരിക്കുക.

click me!