വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ തിരികെത്തരുമെന്ന് ഉറപ്പാണ്: എയർ മാർഷൽ എസ്ആ‍ർകെ നായർ

By Web TeamFirst Published Feb 27, 2019, 10:43 PM IST
Highlights

ഈ പ്രാവശ്യം പാകിസ്ഥാൻ മോശമായി പെരുമാറുമെന്ന് താൻ കരുതുന്നില്ലെന്നും ഇന്ത്യൻ വ്യോമസേന ബാലകോട്ട് ഭീകരകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സർജിക്കൽ സ്ട്രൈക്ക് പാകിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ടെന്നും എയർ മാർഷൽ എസ്ആർകെ നായർ.

തിരുവനന്തപുരം: പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ വൈമാനികൻ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ അവർ തിരികെത്തരുമെന്ന് വ്യോമസേനാ ട്രയിനിംഗ് കമാൻഡ് മുൻ മേധാവിഎയർ മാർഷൽ എസ്ആർകെ നായർ. ഈ പ്രാവശ്യം പാകിസ്ഥാൻ മോശമായി പെരുമാറുമെന്ന് താൻ കരുതുന്നില്ലെന്നും ഇന്ത്യൻ വ്യോമസേന ബാലകോട്ട് ഭീകരകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സർജിക്കൽ സ്ട്രൈക്ക് പാകിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ടെന്നും എയർ മാർഷൽ എസ്ആർകെ നായർ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.

പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ എൺപത് കിലോമീറ്റർ വരെ കടന്നുചെന്നാണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യം തകർത്തത്. വേണ്ടിവന്നാൽ ശക്തമായ നടപടി ഇന്ത്യ എടുക്കുമെന്ന് പാകിസ്ഥാന് മനസിലായിട്ടുണ്ട്. എന്തിനും തയ്യാറാണ് എന്ന സന്ദേശം പാകിസ്ഥാന് കൊടുക്കാൻ ഇന്ത്യയുടെ നേതൃത്വത്തിന് ആയെന്നും അദ്ദേഹം പറഞ്ഞു. 

വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്‍റെ ചിത്രവും വീഡിയോയും പുറത്തുവിട്ട സ്ഥിതിക്ക് അദ്ദേഹത്തെ പാകിസ്ഥാന് വിട്ടയച്ചേ മതിയാകൂ. അല്ലെങ്കിൽ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവർ ഉത്തരം പറയേണ്ടിവരും. ജനീവ ഉടമ്പടി പ്രകാരം അവരുടെ ഏതൊരു ഓഫീസറെ പരിഗണിക്കുന്നത് പോലെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെയും അവർക്ക് പരിഗണിച്ചേ മതിയാകൂ.ഒട്ടേറെ ആഭ്യന്തര പ്രശ്നങ്ങളുള്ള അസ്ഥിരമായ രാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതും ഇന്ത്യയുടെ പോർവിമാനം അവർ വെടിവച്ചിട്ടതും ഒരു മുഖം രക്ഷിക്കൽ നടപടി മാത്രമായിരിക്കണം.

വിംഗ് കമാണ്ടറെ പിടികൂടിയ ഉടൻ പാകിസ്ഥാനിൽ നിന്ന് പുറത്തുവന്നത് അദ്ദേഹത്തിന്‍റെ അന്തസിനെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ്. അദ്ദേഹത്തിന്‍റെ മുഖത്ത് മുറിവേറ്റത് പാകിസ്ഥാൻ പട്ടാളത്തിന്‍റെ കസ്റ്റഡിയിൽ വച്ചാണെന്നാണ് താൻ ചിത്രങ്ങളിൽ നിന്ന് മനസിലാക്കുന്നത്. എന്നാൽ പിന്നീട് പുറത്തുവിട്ട ദൃശ്യത്തിൽ പാകിസ്ഥാൻ പട്ടാള ഉദ്യോഗസ്ഥർ അഭിനന്ദൻ വർദ്ധമാനോട് മാന്യമായി പെരുമാറുന്നത് കാണാം. പാകിസ്ഥാൻ കൂടുതൽ പ്രകോപനത്തിന് മുതിരില്ലെന്നും വിംഗ് കമാണ്ടറെ ഇന്ത്യക്ക് കൈമാറുമെന്നാണ് താൻ കരുതുന്നതെന്നും എയർ മാർഷൽ എസ്ആർകെ നായർ പറഞ്ഞു.

click me!