
ദില്ലി: കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വായുമലിനീകരണം 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്ന് നാസയുടെ പഠനം. നാസ പ്രസിദ്ധീകരിച്ച ഉപഗ്രഹ വിവരങ്ങളിലാണ് എയറോസോൾ തോത് രണ്ട് പതിറ്റാണ്ടിലെ കുറഞ്ഞ നിരക്കിലെത്തിയത് എന്ന് വ്യക്തമാക്കുന്നത്.
ലോക്ക് ഡൗണില്‍ വിവിധ ഇടങ്ങളില്‍ അന്തരീക്ഷ മാറ്റം പ്രകടമായി എന്ന് നാസ ശാസ്ത്രജ്ഞനായ പവന്‍ ഗുപ്ത പറയുന്നു. സിന്ധു-ഗംഗാ സമതല പ്രദേശത്ത് അന്തരീക്ഷ മലിനീകരണം ഈ സമയത്ത് ഇത്രത്തോളം കുറഞ്ഞത് താന്‍ കണ്ടിട്ടില്ല എന്നും അദേഹം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ കൂടാതെ ഉത്തരേന്ത്യയില്‍ മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച മഴയും എയറോസോള്‍ തോത് കുറയാന്‍ കാരണമായി എന്നാണ് നാസയുടെ കണ്ടെത്തല്‍.
എന്നാല്‍, ലോക്ക് ഡൗണ്‍ കാലയളവില്‍ ദക്ഷിണേന്ത്യയില്‍ എയറോസോള്‍ ലെവലില്‍ കാര്യമായ കുറവുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്താണ് ഇതിന് കാരണം എന്ന് വ്യക്തമല്ല. നിലവിലെ കാലാവസ്ഥ, കൃഷയിടങ്ങളിലെ തീ, കാറ്റ് തുടങ്ങിയവയെല്ലാം ഘടകമായിരിക്കാമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു.
Read more: വായുമലിനീകരണവും കൊവിഡ് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം
കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ അന്തരീക്ഷ മലിനീകരണം കുറയുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വ്യവസായശാലകള്‍ക്ക് പൂട്ട് വീണതും വാഹനഗതാഗതം കുറഞ്ഞതുമാണ് ഇതിന് പ്രധാന കാരണം. ഇന്ത്യയിലും സമാന മാറ്റം വായുവിലുണ്ടായി എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ മാറ്റം വരുമോ എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam