
ദില്ലി: ലഡാക്കിൽ ചൈനയുമായുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിൽ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുമെന്ന് മുൻപ്രതിരോധമന്ത്രിയും കോൺഗ്രസ് നേതാവുമായ എകെ ആൻ്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി വിവിധ കക്ഷിനേതാക്കളുമായി ചർച്ച നടത്തുന്നത്.
കേന്ദ്രത്തോട് സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കും. അതിനപ്പുറം ഇത്രയും വലിയ സംഘർഷം എങ്ങനെയുണ്ടായി. ഇതുവരെ തർക്കപ്രദേശമല്ലാതിരുന്ന ഗൽവാനിൽ എങ്ങനെ ഇങ്ങനെയൊരു ഏറ്റുമുട്ടലുണ്ടായി എന്നീ കാര്യങ്ങളിലെല്ലാം സർക്കാരിൽ നിന്നും വിശദീകരണം തേടും - എകെ ആൻ്റണി പറയുന്നു.
16 രാഷ്ട്രീയപാർട്ടികളുടെ അധ്യക്ഷൻമാരെയാണ് ഇന്ന് നടക്കുന്ന സർവ്വകക്ഷിയോഗത്തിലേക്ക് വിളിച്ചത്. പാർലമെൻ്റിൽ അഞ്ച് എംപിമാരെങ്കിലുമുള്ള പാർട്ടികളേയും ദേശീയപാർട്ടി പദവിയുള്ള കക്ഷികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. എഎപി, ആർജെഡി എന്നീ പാർട്ടികളെ യോഗത്തിലേക്ക് വിളിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ഒരു മാസം മുൻപേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചൈനീസ് കടന്നു കയറ്റത്തിൻ്റെ കൃത്യമായ വിവരങ്ങൾ പ്രതിപക്ഷം യോഗത്തിൽ തേടിയേക്കും. സൈനികർ ആയുധമില്ലാതെയാണ് ചൈനീസ് സൈനികരെ നേരിട്ടത് എന്ന ആരോപണത്തിനും പ്രതിപക്ഷ കക്ഷികൾ വിശദീകരണം തേടിയേക്കും. ചൈന പിൻമാറിയില്ലെങ്കിൽ എന്തു വേണം എന്ന കാര്യത്തിലും യോഗത്തിൽ ചർച്ച നടക്കാനാണ് സാധ്യത. സൈനിക പ്രതിനിധികൾ തന്നെ യോഗത്തിനെത്തി സ്ഥിതിഗതികൾ വിശദീകരിക്കാനും സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam