ഏക എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; മുന്നണി മര്യാദ പാലിക്കാത്ത ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് അകാലിദള്‍

By Web TeamFirst Published Sep 27, 2019, 9:09 AM IST
Highlights

കലന്‍വാലിയില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍കൗര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്

ദില്ലി: ഹരിയാനയില്‍ ശിരോമണി അകാലിദള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. പാര്‍ട്ടിയുടെ ഏക എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ അകാലിദള്‍  തീരുമാനിച്ചത്. പാര്‍ട്ടിയുടെ കലന്‍വാലിയില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍കൗര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് അകാലിദള്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 

സീറ്റ് വിഭജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയത്ത് ഞങ്ങളുടെ എംഎല്‍എ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ശരിയായില്ല. അസാന്മാര്‍ഗ്ഗികമായ നടപടിയാണിത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ല. അതിനാല്‍ ഹരിയാനയില്‍ ബിജെപിയുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിക്കുകയാണെന്നും അകാലി ദള്‍ പാര്‍ട്ടി വക്താവ് വ്യക്തമാക്കി. 

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അകാലി ദള്‍ ബിജെപിയെ പിന്തുണച്ചിരുന്നു.  ഇതനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്നായിരുന്നു നേരത്തെ ധാരണയായത്.  ഇതേക്കുറിച്ച് ഹരിയാന ബിജെപി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നതായും അകാലി ദള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 
 

click me!