ഇന്ന് രാത്രിയും ജാഗ്രത, വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ട്‌; പഞ്ചാബിൽ അതിർത്തി ജില്ലകളിൽ സ്കൂളുകൾക്ക് നാളെയും അവധി

Published : May 11, 2025, 08:36 PM ISTUpdated : May 11, 2025, 08:43 PM IST
ഇന്ന് രാത്രിയും ജാഗ്രത, വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ട്‌; പഞ്ചാബിൽ അതിർത്തി ജില്ലകളിൽ സ്കൂളുകൾക്ക് നാളെയും അവധി

Synopsis

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചു. പഞ്ചാബിൽ അതിർത്തി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെയും പ്രവർത്തിക്കില്ല.

ദില്ലി: വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും. വിവിധ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്സൽമീറിൽ ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചു. മുൻകരുതൽ ആയാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി ലൈറ്റുകൾ അണച്ചും വീടുകൾക്ക് അകത്തിരുന്നും ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

അമൃതസറിലും ഫിറോസ്പുരിലും ഭാഗിക നിയന്ത്രണങ്ങളുണ്ട്. പഞ്ചാബിലെ അതിർത്തി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെയും പ്രവർത്തിക്കില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ജാഗ്രത തുടരാനാണ് തീരുമാനം. രാത്രി 8 മണി മുതൽ ജനങ്ങൾ സ്വമേധയാ ലൈറ്റുകൾ ഓഫ് ചെയ്തു സഹകരിക്കണമെന്ന് ഫിറോസ്പൂർ, അമൃത്സർ ജില്ലാ ഭരണകൂടങ്ങൾ ആവശ്യപ്പെട്ടു. ബാട്മേറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മോഗ, ബർണാല എന്നിവിടങ്ങളിലും സ്വമേധയാ ലൈറ്റുകൾ അണയ്ക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ ജനങ്ങളോട് നിർദേശിച്ചു.

അതിനിടെ പാക് പ്രകോപനം ഇന്നും തുടർന്നാൽ തിരിച്ചടിക്കാൻ പൂർണ സ്വാതന്ത്ര്യം സൈന്യത്തിന് നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ സംയമനത്തോടെയാണ് എല്ലാ സൈനിക നീക്കങ്ങളും നടത്തിയതെന്ന് വാർത്താ സമ്മേളനത്തിൽ മൂന്ന് സേനകളും ആവർത്തിച്ചു. ഇന്ത്യ ഒരു ഘട്ടത്തിലും ജനവാസ മേഖലകളിലേക്ക് ആക്രമണം നടത്തിയിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.  പാക്കിസ്ഥാന്റെ എയർ റഡാർ സിസ്റ്റങ്ങളുടെ ആക്രമണം നടന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളടക്കം വ്യോമസേന പുറത്തുവിട്ടു .

ഓപ്പറേഷൻ സിന്ദൂറിലൂടെ 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം
സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന