വരുമാനം ഒരു കോടി! സമോസ വിൽപ്പനക്കാരന് നികുതി വകുപ്പിന്റെ 'പണി'

By Web TeamFirst Published Jun 25, 2019, 2:32 PM IST
Highlights

രാവിലെ കട തുറക്കുന്നത് മുതൽ ഇവിടെ സമോസയും കചോരിയും കഴിക്കാൻ ആളുകളുടെ നീണ്ട ക്യൂവാണ്

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ സമോസ വിൽക്കുന്ന ചെറിയ കടയിലെ വാർഷിക വരുമാനം ഒരു കോടിയോളം വരുമെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. മുകേഷ് കചോരി എന്ന സ്ഥാപനത്തിന്റെ ഉടമയായ മുകേഷിന് ഇതോടെ നികുതി അടക്കാത്തതിനും ജിഎസ്‌ടി രജിസ്ട്രേഷൻ എടുക്കാത്തതിനും നോട്ടീസ് നൽകി.

പ്രദേശത്തെ ഏറ്റവും ജനപ്രിയമായ കടയാണിത്. രാവിലെ കട തുറക്കുന്നത് മുതൽ ഇവിടെ സമോസയും കചോരിയും കഴിക്കാൻ ആളുകളുടെ നീണ്ട ക്യൂവാണ്. ഈ തിരക്ക് ഒരു അവസാനമില്ലാതെ ദിവസം മുഴുവൻ തുടരുന്നതാണ് പതിവ്.

എന്നാൽ ഈയിടെ ആരോ ഒരാൾ ആദായ നികുതി വകുപ്പിന് മുകേഷ് കചോരി എന്ന സ്ഥാപനം നികുതി വെട്ടിക്കുന്നതായി പരാതി നൽകി. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ നികുതി വകുപ്പ് ഇൻസ്‌പെക്ടർമാരുടെ ഒരു സംഘം കടയുടെ സമീപത്ത് ഒരു ദിവസം മുഴുവൻ തമ്പടിച്ചു. കടയിലെ തിരക്കും വരുന്നവരെയും പോകുന്നവരെയും നിരന്തരം നിരീക്ഷിച്ച് കൊണ്ടേയിരുന്നു. 

മുകേഷ് കചോരിയെന്ന സ്ഥാപനത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഇതിന് ജിഎസ്‌ടി രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തി. സ്ഥാപനത്തിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ മുകേഷ് 60 ലക്ഷം മുതൽ ഒരു കോടിയോളം രൂപ വരെ പ്രതിവർഷം സമ്പാദിക്കുന്നുണ്ടെന്നും മനസിലായി.

ഇതോടെയാണ് മുകേഷിനെതിരെ നോട്ടീസ് അയക്കാൻ ആദായ നികുതി വകുപ്പ് തീരുമാനിച്ചത്. താൻ 12 വർഷമായി ഇതേ സ്ഥലത്ത് കച്ചവടം നടത്തുന്നുണ്ടെന്നാണ് നോട്ടീസ് കൈപ്പറ്റിയ മുകേഷ് പ്രതികരിച്ചത്. ഇത്തരം നടപടിക്രമങ്ങളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും, സാധാരണക്കാരനായ ഒരു കചോരി വിൽപ്പനക്കാരൻ മാത്രമാണ് താനെന്നുമാണ് ഇദ്ദേഹത്തിന്റെ മറുപടി. എന്നാൽ ഇദ്ദേഹം ആദായ നികുതി വകുപ്പ് അധികൃതർക്ക് വരവ് ചെലവ് കണക്കുകൾ നൽകി. ഇതിന് പുറമെ അസംസ്കൃത വസ്തുക്കൾ, എണ്ണ, പാചക വാതകം എന്നിവയുടെ വിശദാംശങ്ങളും കൈമാറി.

click me!