
ദില്ലി: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് ബ്രിട്ടീഷ് റോയല്‍ നേവി പിടിച്ചെടുത്ത ഗ്രേസ് വണ്‍ കപ്പലില്‍ ഉണ്ടായിരുന്ന 24 ഇന്ത്യക്കാരേയും മോചിപ്പിച്ചു. വിദേശകാര്യസഹമന്ത്രി വി മുരധീരനാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചു. വിഎല്‍സിസി ഗ്രേസ് വണ്‍ കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരേയും ജിബ്രാള്‍ട്ടര്‍ അധികൃതര്‍ മോചിപ്പിച്ചതായി വിവരം ലഭിച്ചു. അവര്‍ക്ക് ഉടനെ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാവും- മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇറാന്‍റെ എണ്ണക്കപ്പലായ ഗ്രേസ് വണ്‍ ബ്രിട്ടൺ ഉടൻ മോചിപ്പാക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനിടെ തീർത്തും അപ്രതീക്ഷിതമായി അമേരിക്ക ഈ വിഷയത്തിൽ ഇടപെട്ടു. കപ്പല്‍ വിട്ടു കൊടുക്കരുതെന്ന് അമേരിക്ക ജിബ്രാള്‍ട്ടര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ബ്രിട്ടന്‍റെ അധീനതയിലുള്ള മെഡിറ്റീറിയന്‍ ഭൂപ്രദേശമാണ് ജിബ്രാള്‍ട്ടര്‍.
ഗ്രേസ് വൺ കപ്പല്‍ വിട്ടുനല്‍കാന്‍ നേരത്തെ ബ്രിട്ടണ്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ ആണ് അമേരിക്കയുടെ അപ്രതീക്ഷിത ഇടപെടല്‍. ഇതോടെ കാര്യങ്ങൾ സങ്കീർണമാക്കുകയും കപ്പലിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ മോചിപ്പിച്ചതായുള്ള വിവരം പുറത്തു വരുന്നത്.
കഴിഞ്ഞ മാസമാണ് ജിബ്രാള്‍ട്ടര്‍ തീരം വഴി കടന്നു പോയ ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. സിറിയയിലേക്ക് അനധികൃതമായി എണ്ണ കൊണ്ടു പോകുന്നുവെന്ന് ആരോപിച്ചാണ് കപ്പല്‍ ഇറാന്‍ പിടികൂടിയത്. ഇത് ഇറാനും ബ്രിട്ടണും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതിന് ഇടയാക്കിയിരുന്നു.
കപ്പലുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടന് കൈമാറിയെന്നും ഇതൊക്കെ ബ്രിട്ടണ്‍ അംഗീകരിച്ചതിനാല്‍ കപ്പല്‍ ഉടനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ പോര്‍ട്സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam