ദില്ലി: അയോധ്യയിൽ പള്ളി പണിയാനായി ഉത്തർപ്രദേശ് സർക്കാർ നൽകിയ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത സുന്നി വഖഫ് ബോർഡിനെതിരെ മുസ്ലിം വ്യക്തി നിയമബോർഡ്. തീരുമാനം മുസ്ലിം വിഭാഗത്തിന്‍റെ താല്‍പര്യത്തിന് എതിരാണെന്ന് ബോർഡ് കുറ്റപ്പെടുത്തുന്നു. യുപി വഖഫ് ബോർഡിനു മേൽ ഉത്തർപ്രദേശ് സർക്കാരിന്‍റെ സമ്മർദമായിരിക്കാമെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് പറയുന്നു.
സുപ്രീംകോടതി വിധിപ്രകാരം പള്ളിക്കായി യുപി സർക്കാർ കണ്ടെത്തിയ അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചത് യുപി സെൻട്രൽ സുന്നി വഖഫ് ബോർഡ് ചെയർപേഴ്‍സൺ സുഫർ ഫാറൂഖിയാണ്. ഈ തീരുമാനം നിരസിക്കാനുള്ള സ്വാതന്ത്ര്യം ബോർഡിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂമി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും ഫറൂഖി വ്യക്തമാക്കുന്നു.
''ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന വിവാദം തുടങ്ങിവച്ചത് ഞങ്ങളല്ല. ഭൂമി കിട്ടാത്തവരാണ് ഈ വിവാദമുണ്ടാക്കുന്നത്. ഞങ്ങൾ സുപ്രീംകോടതി വിധി അനുസരിക്കുകയാണ്'', ഫറൂഖി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അയോധ്യ ജില്ലയിലെ റൗനാഹി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്, സോഹാവൽ എന്നയിടത്താണ് പള്ളി പണിയാനായി സർക്കാർ ഭൂമി കണ്ടെത്തി നൽകിയിരിക്കുന്നത്. ഇത് ബാബ്‍റി മസ്ജിദ് തകർക്കപ്പെട്ട ഭൂമിയോട് ചേർന്നുള്ളതല്ല.
ഇതുവരെ ഭൂമി ഏറ്റെടുക്കുമോ ഇല്ലയോ എന്ന നിലപാട് സുന്നി വഖഫ് ബോർഡ് വ്യക്തമാക്കിയിരുന്നില്ല. ആദ്യമായി നിലപാട് പ്രഖ്യാപിക്കുമ്പോൾ, ഫെബ്രുവരി 24-ന് ചേരുന്ന യോഗത്തിൽ ഇനിയെന്താകും മുന്നോട്ടുള്ള പദ്ധതിയെന്നതിൽ വിശദമായ തീരുമാനമെടുക്കുമെന്നാണ് വഖഫ് ബോർഡ് വ്യക്തമാക്കുന്നത്.
''ഈ ഭൂമിയിൽ എന്ത് ചെയ്യണമെന്നും, അതെങ്ങനെ വേണമെന്നും ഫെബ്രുവരി 24-ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും'', എന്നാണ് ഫറൂഖി വ്യക്തമാക്കുന്നത്.
എന്നാൽ ഭൂമി അനുവദിച്ചുകൊണ്ട് സർക്കാരിന്‍റെ കത്ത് കിട്ടിയെങ്കിലും സുന്നി വഖഫ് ബോർഡ് ഇതുവരെ ഒരു മറുപടി നൽകിയിട്ടില്ല. ഭൂമി വഖഫ് ബോർഡിന്‍റെ പേരിലാക്കുന്ന നിയമപരമായ നടപടികൾ പൂർത്തിയായിട്ടില്ല. ഫറൂഖിയെക്കൂടാതെ യുപി സുന്നി വഖഫ് ബോർഡിൽ ഏഴ് അംഗങ്ങളാണുള്ളത്.
''ഈ ഭൂമിയിൽ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് നിരവധി നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സ്കൂളുകളോ, ആശുപത്രിയോ പണിയണമെന്നതിന് പുറമേ, ഇപ്പോൾ ഒരു ഇസ്ലാമിക് കൾച്ചറൽ സെന്‍ററും പള്ളിയും പണിയുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്'', ഫറൂഖി പറയുന്നു.
ഒരു ഏക്കറിന്‍റെ മൂന്നിലൊന്ന് ഭാഗം ഭൂമി മാത്രമേ ബാബ്റി മസ്‍ജിദ് പണിയാനായി വേണ്ടി വന്നുളളൂ. അതേ വലിപ്പത്തിൽ പള്ളി പണിതാലും സ്ഥലം ബാക്കിയാകും. അതിനാൽ ബാക്കി ഭൂമിയിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ മറ്റെന്തെങ്കിലും പണിയണമെന്നാണ് വഖഫ് ബോർഡിന്‍റെ താത്പര്യം.
ഒപ്പം ബാബ്‍റി മസ്‍ജിദെന്ന വാത്ത് സുന്നി വഖഫ് ബോർഡിന്‍റെ രേഖകളിൽ നിന്ന് മായ്ച്ച് കളയുമെന്നും ഫറൂഖി വ്യക്തമാക്കുന്നു. ''പള്ളിക്ക് ഇപ്പോൾ 'വുജൂദ്' (നിലനിൽപ്) ഇല്ലാത്തതിനാൽ ഇനി ഇത് രേഖകളിൽ ഉണ്ടാകില്ല. നീക്കം ചെയ്യപ്പെടും'', എന്ന് വഖഫ് ബോർഡ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam