സ്വാതന്ത്ര്യദിനത്തില്‍ എല്ലാ മദ്രസകളിലും ത്രിവര്‍ണപതാക ഉയര്‍ത്തും, ദേശീയഗാനം ആലപിക്കും: ആര്‍എസ്എസ്

By Web TeamFirst Published Jul 22, 2019, 4:23 PM IST
Highlights

എല്ലാ മദ്രസകളിലും പതാക ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗിക സന്ദേശം നല്‍കി കഴിഞ്ഞുവെന്ന് ഉത്തരാഘണ്ഡ് മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ ബിലാല്‍ റഹ്മാന്‍ 

ഡെറാഡൂണ്‍: ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ആദ്യമായി എല്ലാ മദ്രസകളിലും പതാക ഉയര്‍ത്തുകയും വന്ദേമാതരം ആലപിക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മദ്രസകളില്‍ പതാക ഉയര്‍ത്തുന്നത് മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍റെ നേതൃത്വത്തിലായിരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. 

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നേതാക്കളുടെ സംഭാവനകളെ കുറിച്ച് മദ്രസയിലെ കുട്ടികളുമായി സംവദിക്കും. മുസ്ലീം സമുദായത്തെ രാജ്യത്തിന്‍റെ ദേശീയ ബോധവുമായി അടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്. ഉത്തരാഘണ്ഡില്‍ 700 മദ്രസകളാണുള്ളത്. 300 എണ്ണം സംസ്ഥാന സര്‍ക്കാരില്‍ റെജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച മുസൂരിയില്‍ രാഷ്ട്രീയ സുരക്ഷാ ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി ഉത്തരാഘണ്ഡിലായിരുന്നു ഇന്ദ്രേഷ് കുമാര്‍ 

എല്ലാ മദ്രസകളിലും പതാക ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗിക സന്ദേശം നല്‍കി കഴിഞ്ഞുവെന്ന് ഉത്തരാഘണ്ഡ് മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ ബിലാല്‍ റഹ്മാന്‍ പറഞ്ഞു. തങ്ങളുടെ ലക്ഷ്യം കുട്ടികളെ സ്വാതന്ത്ര്യദിനത്തെ കുറിച്ച് അവബോധമുള്ളവരാക്കുകയെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നത്. 

ത്രിവര്‍ണപതാക എല്ലാ മുസ്ലീം സമുദായ നേതാക്കളും തങ്ങളുടെ വീട്ടിലും പ്രദേശത്തും കടകളിലും ഉയര്‍ത്തണമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയഗാനവും വന്ദേമാതരവും ആലപിച്ച് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖുറാന്‍ പ്രകാരം, മുസ്ലീംകളെ സംബന്ധിച്ച്  ജീവിക്കുന്ന രാജ്യത്തോടുള്ള സ്നേഹമാണ് വിശ്വാസത്തിന്‍റെ പകുതി,  മറുപകുതിയിലെ മറ്റെന്തും വരൂയെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. 

click me!