
ദില്ലി : തന്നോട് സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലി മദ്യ നയക്കേസിൽ സിബിഐയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ. 56 ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത്. സിബിഐയുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. സത്യസന്ധതയിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ല. മദ്യനയ കേസ് അടിസ്ഥാനമില്ലെന്നും കേസ് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെജ്രിവാൾ പറഞ്ഞു. തെളിവിന്റെ തരിമ്പ് പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരവിന്ദ് കെജ്രിവാൾ സിബിഐ ഓഫീസ് വിട്ടത്. ഇന്ന് രാവിലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അടക്കമുള്ള നേതാക്കൾക്കൊപ്പമാണ് കെജ്രിവാൾ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം കെജ്രിവാളിനെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിൽ നാളെ ദില്ലിയിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുമെന്ന് ദില്ലി നിയമസഭാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
Read More : ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ; അരവിന്ദ് കെജ്രിവാൾ സിബിഐ ആസ്ഥാനത്തുനിന്ന് മടങ്ങി