
ഭോപ്പാൽ: പശുവിന്റെ ചാണകവും ഗോമൂത്രവും ഉൾപ്പെടെയുള്ള പഞ്ചഗവ്യത്തെ അടിസ്ഥാനമാക്കി കാൻസർ ചികിത്സക്കുള്ള മരുന്ന് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മധ്യപ്രദേശിൽ സർക്കാറിന്റെ ധനസഹായത്തോടെ നടത്തിയ ഗവേഷണ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം. 2011-ൽ ജബൽപൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച പദ്ധതിക്ക് 3.5 കോടി രൂപയുടെ സംസ്ഥാന ധനസഹായം ലഭിച്ചു. പരാതി ലഭിച്ചതിനെത്തുടർന്ന് പദ്ധതിയുടെ ചെലവും ശാസ്ത്രീയ ഫലങ്ങളും പരിശോധിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നായി പശുവിൻ ചാണകം, മൂത്രം, പാലുൽപ്പന്നങ്ങൾ എന്നിവയുടെ പരമ്പരാഗത മിശ്രിതമായ പഞ്ചഗവ്യയിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിച്ചത്. പരാതിക്ക് പിന്നാലെ, അഡീഷണൽ കളക്ടറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ചെലവുകൾ അവലോകനം ചെയ്തു. ചാണകം, ഗോമൂത്രം, സംഭരണ പാത്രങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയ അടിസ്ഥാന വസ്തുക്കൾക്കായി 1.92 കോടി രൂപ ചെലവാക്കിയെന്ന് കണ്ടെത്തി.
കൂടുതൽ പരിശോധനയിൽ, പ്രോജക്ട് സംഘം വിവിധ നഗരങ്ങളിലേക്ക് 23 മുതൽ 24 വരെ വിമാന യാത്രകൾ നടത്തിയതായി കണ്ടെത്തി. ഈ യാത്രകളുടെ ആവശ്യകതയും ഔചിത്യവും അന്വേഷിക്കുന്നു. ഏകദേശം 7.5 ലക്ഷം രൂപയുടെ വാഹനം വാങ്ങൽ, അനുവദനീയ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ചെലവുകൾ, ഇന്ധനം, വാഹന അറ്റകുറ്റപ്പണി, തൊഴിലാളികൾ, ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കായി അധികമായി ചെലവാക്കിയെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇവയൊന്നും ഗവേഷണ ലക്ഷ്യങ്ങൾക്ക് അനിവാര്യമല്ലെന്നും പറയുന്നു.
കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം ആരംഭിച്ചതെന്നും അംഗീകൃത എസ്റ്റിമേറ്റിൽ പട്ടികപ്പെടുത്തിയിട്ടില്ലാത്ത പർച്ചേസുകൾ, യാത്രാ ചെലവുകൾ എന്നിവ സർവകലാശാലയുടെ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അഡീഷണൽ കളക്ടർ രഘുവർ മറാവി വിശദീകരിച്ചു. കർഷകർക്ക് ചില പരിശീലനങ്ങളും നൽകിയെന്ന് പറയുന്നു. എന്നാൽ എന്ത് പരിശീലനമാണ് നൽകിയതെന്ന് പരാമർശിച്ചിട്ടില്ല. കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി പഞ്ചഗവ്യയിൽ ഗവേഷണം നടത്തേണ്ടതായിരുന്നുവെന്നും മറാവി ചൂണ്ടിക്കാട്ടി.
വാങ്ങിയതായി പറയപ്പെടുന്ന വാഹനങ്ങൾ കാണാതായതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇപ്പോൾ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ അവലോകനത്തിനും പരിശോധനക്കും തുടർനടപടികൾ തീരുമാനിക്കുന്നതിനുമായി ഡിവിഷണൽ കമ്മീഷണർക്ക് അയയ്ക്കും. വിവാദങ്ങൾ തുടരുന്നുണ്ടെങ്കിലും, പദ്ധതി പ്രകാരം യുവാക്കൾക്കും കർഷകർക്കും പരിശീലനം നൽകുന്നത് തുടരുകയാണെന്ന് സർവകലാശാല ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും പദ്ധതി ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ടെന്നും സർവകലാശാല വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam