ഛപാക്കും ഉയരെയും അവസാനിക്കില്ലേ? ഇന്ത്യയില്‍ നടന്ന ആസിഡാക്രമണങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Jan 12, 2020, 11:06 AM IST
Highlights

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ചുവർഷത്തിനുള്ളിൽ‌ ആയിരത്തിഅഞ്ഞൂറോളം ആസിഡ് ആക്രമണങ്ങൾ നടന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു

ദില്ലി: ജെഎൻയുവിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയതോടെയാണ് നടി ദീപിക പദുകോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഛപാക്' എന്ന ചിത്രം വാർത്തകളിൽ ഇടംനേടുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന 'ഛപാക്' മേഘ്ന ​ഗുൽസാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഛപാക്കിന് മുമ്പ് ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടിവന്ന യുവതിയുടെ കഥ പറയുന്ന ചിത്രം മലയാളത്തിലും ഒരുക്കിയിട്ടുണ്ട്. നടി പാർവ്വതി തിരുവോത്ത് പ്രധാനവേഷത്തിലെത്തിയ 'ഉയരെ' എന്ന ചിത്രമായിരുന്നു ആദ്യമായി ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ കഥപറഞ്ഞ ചിത്രം. മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇത്തരത്തിൽ ആസിഡ് ആക്രമണത്തെക്കുറിച്ചും ആക്രമണങ്ങളെ അതിജീവിച്ചവരെക്കുറിച്ചും സിനിമകൾ നിർമ്മിക്കപ്പെടുമ്പോൾ മറ്റൊരു ഞെട്ടിക്കുന്ന കണക്കുകളാണ് രാജ്യത്ത് പുറത്തുവരുന്നത്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ചുവർഷത്തിനുള്ളിൽ‌ ആയിരത്തഞ്ഞൂറോളം ആസിഡ് ആക്രമണങ്ങൾ നടന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 2014-18 കാലയളവിനുള്ളിൽ‌ 1,483 പേർ ആസിഡ് ആക്രമത്തിൽ ഇരയായിട്ടുണ്ടെന്ന് ദേശീയ ക്രൈം റേക്കോ‍ർഡ് ബ്യൂറോയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയുടെ ഡാറ്റ ഇന്റലിജൻസ് യൂണിറ്റ് തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ ടുഡേ തയ്യാറാക്കിയ ഗ്രാഫ് ചുവടെ ചേർക്കുന്നു:

2017ലാണ് ഏറ്റവും കൂടുതൽ പേർ ആസിഡ് ആക്രമണത്തിന് ഇരയായത്. 309 പേരായിരുന്നു 2017ൽ രാജ്യത്തെ വിവിധയിടങ്ങളിലായി ആസിഡ് ആക്രമണത്തിന് ഇരയായത്. 2018ഓടെ ആസിഡ് ആക്രമണങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണുണ്ടായത്. 2017-18 വർഷത്തിനുള്ളിൽ മൊത്തം 596 ആസിഡ് ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത‌ത്. എന്നാൽ, 623 പേർ യഥാർ‌ത്ഥത്തിൽ ആസിഡ് ആക്രമണം നേരിട്ടുണ്ട്. ഇതിൽതന്നെ വർഷത്തിൽ 149 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

അതായത് രാജ്യത്ത് ഓരോവർഷ‍വും നടക്കുന്ന ആസിഡ് ആക്രമണങ്ങളിൽ പകുതിയിൽ താഴെ പേർ മാത്രമെ ശിക്ഷിക്കപ്പെടുന്നുള്ളൂ. 2014ൽ 244 പേരാണ് ആസിഡ് ആക്രമണങ്ങളിൽ ഇരയായത്. ആ വർഷമാണ് രാജ്യത്ത് ഏറ്റവും കുറവ് ആസിഡ് ആക്രമണം റിപ്പോർട്ട് ചെയ്തത്. ഇതിൽ 201 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2014-18 കാലയളവിൽ ഉത്തർപ്രദേശ്, പ‍ശ്ചിമ ബം​ഗാൾ, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ്     ഏറ്റവും കൂടുതൽ ആസിഡ് ആക്രമണം നടന്നത്.

ഇന്ത്യ ടുഡേ തയ്യാറാക്കിയ ഗ്രാഫ് ചുവടെ ചേർക്കുന്നു:

2015ലായിരുന്നു രാജ്യത്ത് നടന്ന ആസിഡ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ കോടതി പരി​ഗണിച്ചത്. സ്ത്രീകൾക്കെതിരായ ആക്രമണം തുടങ്ങിയ വകുപ്പുകളിലായി 734 കേസുകളാണ് കോട‍തികൾ പരി​ഗണിച്ചത്. എന്നാൽ, ഇതിൽ 33 കേസുകളിൽ മാത്രമാണ് കോടതി വാദം കേട്ടത്. ഇതിൽതന്നെ 25 കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളതന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

click me!