
ബെംഗളൂരു: ആമസോണിൽ നിന്ന് ഓർഡർ ചെയ്ത ആപ്പിൾ ഐമാക് ലഭിച്ച ദുരനുഭവത്തിന്റെ കഥ എക്സിലൂടെ പങ്കുവച്ച് 100x.bot എന്ന കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശാർദുൽ ലവേക്കർ. ഡെലിവറി ജീവനക്കാരനായ ലഡ്ഡു തബ്രേസിന്റെ മാന്യമല്ലാത്ത പെരുമാറ്റവും ഭീഷണിയും ഫോണിൽ പകർത്തി പങ്കുവച്ചിരിക്കുകയാണ് ശാർദുൽ. ഇത് കാരണം തന്റെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ വരെ ബാധിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. എനിക്ക് കുറച്ചു കൂടി ഗുണ്ടകളെ കൂട്ടിക്കൊണ്ടു വരാൻ സമയം വേണമെന്ന് ഡെലിവറി ജീവനക്കാരൻ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.
ശാർദുൽ പറയുന്നതിങ്ങനെ... ഓർഡർ ചെയ്ത ആപ്പിൾ ഐമാക് ശനിയാഴ്ച്ച ഡെലിവറി ചെയ്യാനായി ഇയാൾ എത്തിയിരുന്നു. സ്ഥലത്തില്ലാത്തതിനാൽ സുരക്ഷാ ജീവനക്കാരെ ഏൽപ്പിക്കാൻ ശാർദുൽ പറഞ്ഞെങ്കിലും ഡെലിവറി ബോയ് കേട്ടില്ല. ഇതിന് വ്യക്തമായ കാരണവും പറഞ്ഞില്ലെന്നും ലവേക്കർ ആരോപിക്കുന്നു. പിന്നീട് മറ്റൊരു ദിവസം വന്ന് ഇയാൾ ഓഫീസിൽ ബഹളം വെക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷം ഡെലിവറിക്കായി അയാൾ വന്നില്ല. എന്നാൽ, ഓർഡർ ‘റിട്ടേൺഡ്’ ആയി മാർക്ക് ചെയ്തു.ശാർദുൽ വീണ്ടും ഓർഡർ നൽകിയെങ്കിലും പിന്നീടും റിട്ടേൺ ആയി എന്ന് കാണിച്ചു. ഒടുവിൽ താൻ ഡെലിവറി ജീവനക്കാരനെ വിളിച്ചുവെന്നും ശാർദുൽ കുറിച്ചു. എന്നാൽ പിന്നീട് ഇയാൾ വന്ന് തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐമാക് ഇനി കിട്ടില്ലെന്നും, പൊലീസിൽ പരാതി നൽകിയാലും ഒന്നും ചെയ്യില്ലെന്നും പറഞ്ഞതായി ശാർദുൽ പറയുന്നു.
പോസ്റ്റിന് താഴെ, പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് ആവശ്യമായ നടപടികൾക്കായി കൈമാറിയിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമന്റ് ചെയ്തിട്ടുണ്ട്. ഡെലിവറി അസോസിയേറ്റിൽ നിന്ന് ഇത്തരമൊരു അനുഭവമുണ്ടായതിൽ ഖേദിക്കുന്നുവെന്നും സപ്പോർട്ട് ടീമുമായി ബന്ധപ്പെടാനും ആമസോൺ ഹെൽപ് കമന്റ് സെക്ഷനിൽ മറുപടി നൽകിയിട്ടുണ്ട്. അതേ സമയം, ഡെലിവറി ജീവനക്കാരന്റെ ഈ പെരുമാറ്റം കാരണം ഐമാക് ലഭിക്കാൻ വലിയ താമസം ഉണ്ടായെന്നും, ഉപകരണം വീണ്ടും ഓർഡർ ചെയ്യേണ്ടി വന്നതോടെ സ്ഥാപനത്തിന്റെ ഉൽപ്പാദനക്ഷമതയ്ക്ക് വലിയ നഷ്ടമുണ്ടായെന്നും ലവേക്കർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam