ഇത് ജെസീക്ക ഹാട്സ്മാന്‍; ഇന്ത്യയിലെ തെരുവ് നായ്ക്കള്‍ക്ക് അമേരിക്കയിലും കാനഡയിലും സുഖ ജീവിതം നല്‍കി 26കാരി

By Web TeamFirst Published Jul 27, 2019, 11:24 AM IST
Highlights

പലരുടെയും സഹായത്താലാണ് നായ്ക്കുട്ടികളെ വിദേശത്തെത്തിക്കാന്‍ ഫണ്ട് കണ്ടെത്തുന്നത്. അമേരിക്കയിലും കാനഡയിലുമായി നായ്ക്കളെ വളര്‍ത്താന്‍ താല്‍പര്യപ്പെടുന്നവരെ കണ്ടെത്തുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരും നായ്ക്കളെ ദത്തെടുത്തെന്ന് ഇവര്‍ പറയുന്നു.

ദില്ലി: ദില്ലി നഗരത്തില്‍ ആരാരുമില്ലാതെ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കള്‍ക്ക് അമേരിക്കയിലും കാനഡയിലും സുഖം ജീവിതം നല്‍കി 26കാരിയും അമേരിക്കന്‍ പൗരയുമായ ജെസിക്ക ഹാട്സ്മാന്‍. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ 41 നായ്ക്കളെയാണ് ഇവര്‍ ദത്തെടുത്ത് വിദേശത്തെത്തിച്ചത്. ഉടമകളില്ലാത്തതും അവശരുമായ നായ്ക്കളെയാണ് ജെസിക്ക ദത്തെടുത്ത് വിദേശത്ത് വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ജെസിക്കയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  

2017ല്‍ ഇന്ത്യയിലെത്തിയപ്പോഴാണ് ജെസിക്കക്ക് ഇന്ത്യന്‍ തെരുവ് നായ്ക്കളോട് സഹതാപം തോന്നുന്നത്. പഹര്‍ഗഞ്ചിലെ ഹോട്ടലില്‍ താമസിക്കവെ നായ്ക്കുട്ടി വേദനയാല്‍ കരയുന്നത് കണ്ടു. ചിലര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നായ്ക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നായ്ക്കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി രക്ഷിച്ചു. നേപ്പാളിലേക്കുള്ള യാത്ര മുടക്കിയ ജെസിക്ക നായ്ക്കുട്ടിയുടെ അസുഖം ഭേദമാകും വരെ ദില്ലിയില്‍ തങ്ങി.

പിന്നീട് നായ്ക്കുട്ടിക്ക് ഭേദമായതോടെ അതിനെയുമെടുത്താണ് നേപ്പാളിലേക്ക് തിരിച്ചത്.  ദില്ലിയില്‍നിന്ന് ലഭിച്ചതിനാല്‍ ജെസിക്ക നായ്ക്കുട്ടിക്ക് 'ദില്ലി' യെന്ന് പേരിട്ടു. നേപ്പാളില്‍നിന്ന് 'ദില്ലി' ജെസീക്കയുടെ അമ്മയോടൊപ്പം അമേരിക്കയിലെ സീറ്റില്‍സിലേക്ക് പറന്നു. എന്നാല്‍, ജെസീക്ക ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു. ദില്ലിയിലെത്തിയ ജെസീക്ക, തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതിനായി   2018 നവംബറില്‍ 'ദില്ലി ദ സ്ട്രീറ്റ് ഡോഗ് ഫൗണ്ടേഷന്‍' സ്ഥാപിച്ചു. സന്നദ്ധ പ്രവര്‍ത്തകരെയും മൃഗക്ഷേമ സംഘടനകളെയും ഒപ്പംകൂട്ടിയായിരുന്നു ജെസിക്കയുടെ പ്രവര്‍ത്തനം. 

നായ്ക്കളെ അമേരിക്കയിലേക്കും കാനഡയിലേക്കും എത്തിക്കുക വളരെ പ്രയാസമായിരുന്നെന്ന് ജെസീക്ക പറയുന്നു. നിയമപരമായ എല്ലാ കടമ്പകളും കടക്കണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. സാമ്പത്തിക ചെലവും വളരെ കൂടുതലാണ്.  പലരുടെയും സഹായത്താലാണ് നായ്ക്കുട്ടികളെ വിദേശത്തെത്തിക്കാന്‍ ഫണ്ട് കണ്ടെത്തുന്നത്. അമേരിക്കയിലും കാനഡയിലുമായി നായ്ക്കളെ വളര്‍ത്താന്‍ താല്‍പര്യപ്പെടുന്നവരെ കണ്ടെത്തുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരും നായ്ക്കളെ ദത്തെടുത്തെന്ന് ഇവര്‍ പറയുന്നു.

click me!