
ശ്രീനഗര്‍: ഈ വര്‍ഷം അമര്‍നാഥ് തീര്‍ത്ഥാടനം ഉപേക്ഷിച്ചതായി ജമ്മു കാശ്മീര്‍ ഭരണകൂടം. ചൊവ്വാഴ്ചയാണ് ജമ്മു കാശ്മീര്‍ രാജ് ഭവന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അമര്‍നാഥ് യാത്ര നടത്താന്‍ സാധിക്കില്ലെന്നും. വിദഗ്ധാഭിപ്രായത്തെ തുടര്‍ന്നാണ് 2020 ലെ അമര്‍നാഥ് തീര്‍ത്ഥാടനം വേണ്ട എന്ന നിലപാടിലേക്ക് എത്തിയത് എന്നും രാജ് ഭവന്‍ ഇറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
ഭക്തജനങ്ങളുടെ വികാരം മാനിച്ച് അമര്‍നാഥ് ക്ഷേത്രത്തിലെ രാവിലെയും വൈകീട്ടും ഉള്ള ആരതിയും പൂജകളും ലൈവായി ടെലികാസ്റ്റ് ചെയ്യുമെന്നും, വെര്‍ച്വല്‍ ദര്‍ശനം അനുവദിക്കുമെന്നും പത്ര കുറിപ്പ് അറിയിക്കുന്നു. ഇതിന് പുറമേ പാരമ്പര്യ വിധിപ്രകാരമുള്ള എല്ലാ ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കുമെന്നും രാജ് ഭവന്‍ അറിയിച്ചു.
അമര്‍നാഥ് ക്ഷേത്ര ഭരണവും തീര്‍ത്ഥാടനവും സംഘടിപ്പിക്കുന്ന അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന്‍റെ ചെയര്‍മാന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മുവാണ്. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ബോര്‍ഡ് അംഗങ്ങളുമായി ഗവര്‍ണര്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തത്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11.5 ലക്ഷം കവിഞ്ഞതിന് പിന്നാലെയാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് ജമ്മു കാശ്മീര്‍ ഭരണകൂടവും ക്ഷേത്ര ഭരണ ബോര്‍ഡും എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam