
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ൽ പ്രധാനമന്ത്രിയാകാമെന്ന് മോഹിച്ച് നിതീഷ് കുമാർ ബിജെപിയെ ചതിച്ചെന്നാണ് അമിത് ഷായുടെ വിമർശനം. ബിജെപിയെയും ബിഹാറിനെയും ചതിച്ച് ലാലുപ്രസാദ് യാദവിന്റെ മടിയിലിരിക്കാൻ നിതീഷ് പോയെന്നും അമിത് ഷാ വിമർശിച്ചു.
"ലാലുവിന്റെ മടിയിലിരിക്കാൻ വേണ്ടി നിതീഷ് കുമാർ ഞങ്ങളെ ചതിച്ചു. അർഹമായ മറുപടി സീമാഞ്ചൽ നല്കും. രാഷ്ട്രീയസഖ്യം മാറിയാൽ നിതീഷ്കുമാർ എങ്ങനെ പ്രധാനമന്ത്രിയാകാനാണ്. ബിജെപി മര്യാദയാണ് നിങ്ങളോട് കാണിച്ചത്. മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ, അടുത്ത പ്രധാനമന്ത്രിയാകാൻ വേണ്ടി ഞങ്ങളെ ചതിച്ചു. ബിഹാറിലെ ജനങ്ങൾക്ക് നിങ്ങളെ അറിയാം. നിങ്ങൾക്ക് അവർ സംശയത്തിന്റെ ആനുകൂല്യം നൽകി, ഇനി അതുണ്ടാവില്ല, അവർക്ക് നിങ്ങളെ നന്നായി അറിയാം." നിതീഷ്കുമാറിനെ സൂചിപ്പിച്ച് അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് ഭരണം നഷ്ടപ്പെട്ട ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. ബിജെപി സഖ്യം ഉപേക്ഷിച്ച് നിതീഷ്കുമാറിന്റെ ജെഡിയു ലാലുപ്രസാദ് യാദവിന്റെ ആർജെഡിയുമായി സഖ്യം ചേരുകയായിരുന്നു. പ്രധാനമന്ത്രിയാവാൻ വേണ്ടിയാണ് നിതീഷ് കുമാർ ലാലുപ്രസാദ് യാദവിന്റെ പാർട്ടിയുമായി കൈകോർത്തത്. അവർ ബിഹാറിനെയും ബിഹാറിലെ ജനവിധിയെയും വഞ്ചിച്ചു എന്നും അമിത് ഷാ പറഞ്ഞു. ജന ഭാവന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലേതിനു സമാനമായി തീവ്ര ഹിന്ദുത്വ അജണ്ടയിലൂടെ പാർട്ടി ശക്തിപ്പെടുത്താനുള്ള പദ്ധതിക്കാണ് സീമാഞ്ചലിൽ അമിത് ഷായുടെ റാലികളിലൂടെ തുടക്കം കുറിക്കുന്നത്.
അതേസമയം, അമിത് ഷായുടെ റാലികൾ കഴിഞ്ഞാൽ വൈകാതെ തന്നെ സീമാഞ്ചലിൽ ശക്തിപ്രകടനം നടത്താനാണ് മഹാസഖ്യത്തിന്റെ പരിപാടി. ബിഹാറിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണു അമിത് ഷായുടെ റാലികളെന്നാണ് മഹാസഖ്യത്തിന്റെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ പ്രബല സഖ്യകക്ഷികളില്ലാതെ ബിജെപി തനിച്ചു മൽസരിക്കേണ്ട സാഹചര്യമാണുള്ളത്. നിതീഷ് കുമാറിന്റെ ജെഡിയുവുമായി സഖ്യത്തിലായിരുന്നതിനാൽ ബിജെപിക്കു തീവ്ര ഹിന്ദുത്വ അജണ്ട പരീക്ഷിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ബിഹാർ ബിജെപിയിലെ തീവ്ര ഹിന്ദുത്വ മുഖമായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അടുത്തിടെയായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam