ദില്ലി ആശുപത്രികളിലെ കൊവിഡ് വാർഡുകളിൽ സിസിടിവി വേണം; അമിത്ഷാ

By Web TeamFirst Published Jun 15, 2020, 7:44 PM IST
Highlights

ആശുപത്രി ക്യാന്റീനുകളിലെ ഭക്ഷണം മുടങ്ങുന്ന സാഹചര്യമുണ്ടായാൽ ആഹാരം ലഭ്യമാക്കാൻ ബദൽ സംവിധാനം ഒരുക്കാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലി എൽഎൻജെപി ആശുപത്രി സന്ദർശിച്ച്  അമിത് ഷാ കൊവിഡ‍് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി

ദില്ലി: ദില്ലിയിലെ ആശുപത്രികളിലെ കൊവിഡ് വാർഡുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം.  ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് കൗൺസിലിംഗ് നൽകണം. ആശുപത്രി ക്യാന്റീനുകളിലെ ഭക്ഷണം മുടങ്ങുന്ന സാഹചര്യമുണ്ടായാൽ ആഹാരം ലഭ്യമാക്കാൻ ബദൽ സംവിധാനം ഒരുക്കാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലി എൽഎൻജെപി ആശുപത്രി സന്ദർശിച്ച് കൊവിഡ‍് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അമിത് ഷാ ഇക്കാര്യങ്ങൾ നിർദ്ദേശിച്ചത്.

ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും വിളിച്ചുചേർത്ത സർവ്വകക്ഷിയോ​ഗത്തിനു ശേഷമാണ് അമിത് ഷാ എൽഎൻജെപി ആശുപത്രി സന്ദർശിച്ചത്. കൊവിഡ് വ്യാപനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഒരു ദിവസം 18000 കൊവിഡ് പരിശോധന നടത്താൻ സർവ്വകക്ഷി യോ​ഗത്തിൽ തീരുമാനമായിരുന്നു. പരിശോധന നടത്താനുള്ള ചെലവ് പകുതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യവും യോഗത്തിൽ അംഗീകരിച്ചു.

ബിജെപി, എഎപി, കോൺഗ്രസ്, ബിഎസ്‌പി നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കാൻ നടപടി വേണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടു. വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ യാതൊരു ചർച്ചയും നടന്നില്ല. 

Read Also: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വരന് കൊവിഡ്; വധു ഉൾപ്പടെ 64 പേർ ക്വാറന്റീനിൽ...

അതേസമയം 450 രൂപ മാത്രം ചെലവ് വരുന്ന കൊവിഡ് ടെസ്റ്റ് ദില്ലിയിൽ ഉടൻ ലഭ്യമാകുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ൻമെന്റ് സോണിലുള്ള കുടുംബങ്ങൾക്കും പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നൽകണമെന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

ദില്ലിയിലെ ആശുപത്രികളിൽ നിലവിലുള്ള മോർച്ചറികളുടെ ശേഷി വർധിപ്പിക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തിട്ടുണ്ട്. മോർച്ചറികളിൽ ശീതീകരണ കണ്ടെയ്നറുകൾ സ്ഥാപിക്കാനും സമിതി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ പരിശോധനക്ക് ശേഷമാണ് സമിതിയുടെ ശുപാർശ.

Read Also: നേപ്പാളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും: രാജ്‌നാഥ് സിംഗ്...

 

click me!