
അഹമ്മദാബാദ്: രാഷ്ട്രീയത്തിൽ വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള പദ്ധതികൾ വിവരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുമായും ആക്ടിവിസ്റ്റുകളുമായും സംവദിക്കുന്ന സഹ്കർ സംവാദിൽ വിരമിക്കൽ ജീവിതത്തെക്കുറിച്ച് അമിത് ഷാ മനസ്സുതുറന്നത്. വിരമിച്ച ശേഷം, എന്റെ ജീവിതകാലം മുഴുവൻ വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി ജീവിതം സമർപ്പിക്കാൻ തീരുമാനിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
ഹിന്ദു വേദഗ്രന്ഥങ്ങളിൽ എങ്ങനെ മുഴുകാൻ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും, കൃഷിയെക്കുറിച്ച് ഏറെ സംസാരിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് കാൻസർ, രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അമിത് ഷാ പറഞ്ഞു.
രാസവളങ്ങൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് പലപ്പോഴും കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. മുമ്പ് നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷണം കഴിച്ചാൽ മരുന്നുകളൊന്നും ആവശ്യമില്ലാതിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിദത്ത കൃഷി രോഗങ്ങൾ കുറയ്ക്കുക മാത്രമല്ല, വിള ഉൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ സ്വന്തം കൃഷിയിടത്തിൽ ഞാൻ പ്രകൃതിദത്ത കൃഷിയാണ് ചെയ്യുന്നത്.
വിളവ് ഏകദേശം 1.5 മടങ്ങ് കൂടുതലാണ്. കനത്ത മഴ പെയ്യുമ്പോൾ സാധാരണയായി വെള്ളം കൃഷിയിടത്തിൽ നിന്ന് പുറത്തേക്ക് ഒഴുകും. എന്നാൽ ജൈവകൃഷിയിൽ ഒരു തുള്ളി പോലും വെള്ളം പുറത്തേക്ക് പോകില്ല. അത് മണ്ണിലേക്ക് ഊർന്നിറങ്ങുന്നു. കാരണം, പ്രകൃതിദത്ത കൃഷി ജലപാതകൾ രൂപപ്പെടാൻ അനുവദിക്കുന്നു. അമിതമായ രാസവളപ്രയോഗം ജലപാതകളെ നശിപ്പിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
മണ്ണിരകൾ പ്രകൃതിദത്ത വളങ്ങൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ കൃത്രിമ വളങ്ങൾ അവയെ നശിപ്പിച്ചു. ഈ ജീവികൾ പ്രകൃതിയുടെ സ്വന്തം യൂറിയ, ഡിഎപി (ഡയമോണിയം ഫോസ്ഫേറ്റ്), എംപികെ (മോണോപൊട്ടാസ്യം ഫോസ്ഫേറ്റ്) എന്നിവയുടെ ഫാക്ടറികളാണെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam