
ദില്ലി: കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് മുക്തി നേടിയതായി റിപ്പോർട്ട്. അവസാനം നടത്തിയ കൊവിഡ് പരിശോധനയിൽ അമിത് ഷായുടെ ഫലം നെഗറ്റീവായെന്ന വിവരം പുറത്തു വിട്ടത് ബിജെപി നേതാവും എംപിയുമായ മനോജ് തിവാരിയാണ്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായിട്ടില്ല. ഇതുവരെ പരിശോധന നടന്നില്ലെന്ന് ഒരു ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരാഴ്ച മുൻപാണ് അമിത് ഷാ കൊവിഡ് പോസിറ്റീവായത്. താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ദില്ലി അതിർത്തിയോട് ചേർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചത്.
55-കാരനായ അമിത് ഷാ പ്രമേഹരോഗി കൂടിയായതിനാൽ അദ്ദേഹത്തിന് കർശന നിരീക്ഷണമാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയത്. കൊവിഡ് പോസിറ്റീവാക്കുന്നതിന് മുൻപ് അദ്ദേഹം കേന്ദ്രമന്ത്രിസഭായോഗത്തിൽ പങ്കെടുത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ കർശന കൊവിഡ് മാനദണ്ഡം പാലിച്ചാണ് കേന്ദ്രമന്ത്രിസഭായോഗം ചേർന്നതെന്നും അതിനാൽ ആശങ്കയ്ക്ക് വകയില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam