
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയി കഴിഞ്ഞിരുന്ന കൃഷ്ണമേനോൻ മാർഗിലെ വസതിയിലേക്ക് മാറും. ദില്ലിയിൽ സർക്കാർ വസതികൾ ആർക്കൊക്കെ വേണമെന്ന് തീരുമാനിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനായതിന് തൊട്ടുപിന്നാലെയാണ് ഷാ പുതിയ വസതിയിലേക്ക് മാറുന്നത്. 14 വർഷം വാജ്‍പേയി കഴിഞ്ഞ വസതിയാണിത്. അമിത് ഷാ ഇപ്പോൾ അക്ബർ റോഡിലെ 11-ാം നമ്പർ വസതിയിലാണ് താമസിക്കുന്നത്.
വീട് സന്ദർശിച്ച അമിത് ഷാ ചില മാറ്റങ്ങൾ നിർദേശിച്ചതായാണ് സൂചന. ഇതനുസരിച്ച് വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. രണ്ട് മാസത്തിനകം അറ്റകുറ്റപ്പണികൾ പൂർത്തിയാകും. ഇതിന് ശേഷമാകും അമിത് ഷാ താമസം മാറുക.
മധ്യദില്ലിയിലെ കൃഷ്ണമേനോൻ മാർഗിലുള്ള ഈ വസതിയിലേക്ക് വാജ്‍പേയി ആദ്യം താമസിക്കാനെത്തുന്നത് 2004-ൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ്. കഴിഞ്ഞ നവംബറിൽ അദ്ദേഹം അന്തരിക്കുന്നത് വരെ കുടുംബസമേതം കഴിഞ്ഞത് ഇവിടെയാണ്.
2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ ദില്ലിയിലെ ഒരു ഔദ്യോഗികസർക്കാർ ബംഗ്ലാവും ഇനി സ്മാരകമാക്കി മാറ്റേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. 'സദൈവ് അടൽ' എന്ന പേരിൽ രാഷ്ട്രീയ സ്മൃതി സ്ഥലത്തിന് തൊട്ടടുത്ത് വാജ്‍പേയിക്ക് സ്മാരകം പണിഞ്ഞിട്ടുണ്ട് കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതിമാരുടെയും ഉപരാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും സ്മൃതി കുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ഇടമാണ് രാഷ്ട്രീയ സ്മൃതി സ്ഥലം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam