
ദില്ലി: ഭാഷാ വിവാദത്തിൽ നിലപാട് തിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു വിദേശഭാഷയോടും ശത്രുതയില്ലെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെയും ശത്രുവല്ലെന്നും സുഹൃത്താണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ എല്ലാ ഭാഷകളുമായും ഹിന്ദി ഭാഷയും ചേർന്ന് മുന്നോട്ട് പോകുമെന്നും രാജ്യഭാഷ വകുപ്പിന്‍റെ സുവര്‍ണ ജൂബിലി ആഘോഷത്തിനിടെ പറഞ്ഞു.
ഭാഷകള്‍ രാജ്യത്തിന്‍റെ ആത്മാവാണെന്നും ഹിന്ദി രാജ്യത്തെ മറ്റു ഭാഷകളുടെ ശത്രുവല്ലെന്നും രാജ്യത്തെ ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഒരു ഭാഷയോടും വിരോധമില്ല. വിദേശ ഭാഷയോടും വിരോധമില്ല. എന്നാൽ, നമ്മുടെ ഭാഷകൾ സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും എല്ലാവരും ശ്രമിക്കണം. നമ്മുടെ ഭാഷയിൽ ചിന്തിക്കുകയും വേണം. സ്വന്തം ഭാഷയിൽ സംസാരിക്കാതെയും അഭിമാനിക്കാതെയും അടിമത്ത മനോഭാവത്തിൽനിന്നും പുറത്തുവരാനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർ വൈകാതെ ലജ്ജിക്കേണ്ടിവരുമെന്ന അമിത് ഷായുടെ മുൻ പരാമർശം വിവാദമായിരുന്നു. നമ്മുടെ ഭാഷകള്‍ ഉപയോഗിച്ചുകൊണ്ട് തന്നെ രാജ്യം മുന്നോട്ടുപോകുമെന്നും ലോകത്തെ നയിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇംഗ്ലീഷ് ലജ്ജിപ്പിക്കുകയല്ല, നമ്മെ കൂടുതൽ ശക്തിപ്പെടുത്തുകയെയുള്ളുവെന്ന് രാഹുൽ ഗാന്ധിയടക്കമുള്ളവർ ചൂണ്ടിക്കാട്ടി ഷായുടെ നിലപാടിനെ വിമർശിച്ചിരുന്നു. പിന്നാലെയാണ് ഇംഗ്ലീഷിനെതിരായ മുൻ നിലപാട് തിരുത്തി, എല്ലാ ഭാഷകളുമായി മുന്നോട്ടുപോകുമെന്നും വിദേശ ഭാഷകളോട് വിരോധമില്ലെന്നുമുള്ള അമിത് ഷായുടെ പ്രതികരണം.
നമ്മുടെ ഭാഷ തന്നെ സംസാരിക്കാനും ഉപയോഗിക്കാനുമുള്ള താത്പര്യം എല്ലാവരിലും ഉണ്ടാകണം. ഭാഷയുടെ പേരിൽ ഇന്ത്യയെ വിഭജിക്കാൻ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ, ഭാഷയിലൂടെ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്. ഇപ്പോള്‍ ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പരീക്ഷകള്‍ 13 ഭാഷകളിൽ നടത്തുന്നുണ്ട്.
നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു കേന്ദ്ര സായുധ പൊലീസ് സേനയിലേക്കുള്ള കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്‍റിനുള്ള പരീക്ഷ എഴുതാൻ കഴിയുമായിരുന്നുല്ളു. ഇപ്പോള്‍ 13 ഭാഷകളിൽ ഈ പരീക്ഷ എഴുതാനാകും. 95ശതമാനം ഉദ്യോഗാര്‍ഥികളും ഈ പരീക്ഷ ഇപ്പോള്‍ അവരുടെ മാതൃഭാഷയിലാണ് എഴുതുന്നത്. ഇന്ത്യയിലെ ഭാഷകള്‍ക്ക് വരും നാളുകളിൽ നല്ല ഭാവിയുണ്ടാകുമെന്നാണ് ഇത് തെളിയിക്കുന്നത്.
ഹിന്ദി ഭാഷ മറ്റൊരു ഇന്ത്യൻ ഭാഷയുടെയും ശത്രുവല്ല. എല്ലാ ഇന്ത്യൻ ഭാഷയുടെയും സുഹൃത്താണ് ഹിന്ദി. രാജ്യത്തിന്‍റെ പരമോന്നതമായ ലക്ഷ്യത്തിനായി ഹിന്ദിയും മറ്റു ഇന്ത്യൻ ഭാഷകളും ഒന്നിച്ച് ഉപയോഗിക്കണമെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam