
ചെന്നൈ: നാഗപട്ടണം അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ നിന്ന് 42 വർഷം മുമ്പ് മോഷണം പോയ മൂന്ന് വിഗ്രഹങ്ങൾ തിരികെ ലഭിച്ചു. ലണ്ടനിൽ നിന്നാണ് വിഗ്രഹങ്ങൾ ലഭിച്ചത്, ഇത് ശനിയാഴ്ചയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി. 1978 ൽ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിങ്ങനെ നാല് വെങ്കല വിഗ്രഹങ്ങളാണ് മോഷണം പോയത്. 15ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ക്ഷേത്രമാണ് ഇത്.
പൊറയാർ പൊലീസ് കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിൽ കരകൗശല വസ്തുക്കൾ വിൽക്കുന്നത് നിരീക്ഷിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള സംഘടനയാണ് വിഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്.
പുരാവസ്തു ശേഖരിക്കുന്ന ലണ്ടൻ സ്വദേശിയിൽനിന്നാണ്, മോഷ്ടിക്കപ്പെട്ട നാല് വിഗ്രഹങ്ങളിൽ മൂന്നെണ്ണം സെപ്തംബറിൽ കണ്ടെത്തിയത്. ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് വിഗ്രഹങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി. ഹനുമാന്റെ വിഗ്രഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല. കേന്ദ്ര സാസ്കാരിക വകുപ്പ് മന്ത്രാലയം ദിവസങ്ങൾക്ക് മുമ്പ് വിഗ്രഹം തമിഴ്നാട് സർക്കാരിന് കൈമാറി. നവംബർ 25 ന് വിഗ്രഹം പുനഃപ്രതിഷ്ഠ നടത്തുമെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam