Helicopter Crash: സംക്രാന്തിക്ക് വീട്ടിലേക്ക് വരേണ്ടതായിരുന്നു; സായ്തേജയുടെ വിയോ​ഗത്തിന്റെ ഞെട്ടലിൽ ചിറ്റൂര്‍

By Web TeamFirst Published Dec 9, 2021, 1:24 PM IST
Highlights

നാല് വയസ്സുകാരനായ മകന്‍ മോക്ഷയ്ക്കും രണ്ട് വയസ്സ് മാത്രമായ മകള്‍ ദര്‍ശിനിക്കും എന്തുകൊണ്ടുവരണമെന്ന് ചോദിച്ചുകൊണ്ടായിരുന്നു ലാന്‍സ് നായ്ക് സായ് തേജയുടെ  ഒടുവിലത്തെ കോള്‍. ഹിമാചല്‍ റെജിമെന്‍റിലുള്ള സഹോദരന്‍ മഹേഷ് ബാബുവിനൊപ്പം അടുത്താഴ്ച നാട്ടിലെത്തുമെന്ന് ഭാര്യ ശ്യാമളയ്ക്ക് ഉറപ്പ് നല്‍കിയാണ് സുളൂരില്‍ നിന്ന് യാത്ര തിരിച്ചത്. 

ഹൈദരാബാദ്: വരുന്ന സംക്രാന്തിക്ക് വീട്ടിലേക്ക് എത്തുമെന്ന് കുടുംബത്തിന് നല്‍കിയ ഉറപ്പ് ബാക്കിവച്ചാണ് ലാന്‍സ് നായ്ക്ക് സായ് തേജ (Sai Theja ) വിടപറഞ്ഞത്. കൂനൂരിൽ അപകടം (Coonoor Helicopter Crash) സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭാര്യയും മക്കളുമായി സായ് തേജ വീഡിയോ കോള്‍ ചെയ്തിരുന്നു. ധീരസൈനികന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ആന്ധ്രയിലെ(Andhra)  ചിറ്റൂര്‍ (Chittoor)  ഗ്രാമം.

നാല് വയസ്സുകാരനായ മകന്‍ മോക്ഷയ്ക്കും രണ്ട് വയസ്സ് മാത്രമായ മകള്‍ ദര്‍ശിനിക്കും എന്തുകൊണ്ടുവരണമെന്ന് ചോദിച്ചുകൊണ്ടായിരുന്നു ലാന്‍സ് നായ്ക് സായ് തേജയുടെ  ഒടുവിലത്തെ കോള്‍. ഹിമാചല്‍ റെജിമെന്‍റിലുള്ള സഹോദരന്‍ മഹേഷ് ബാബുവിനൊപ്പം അടുത്താഴ്ച നാട്ടിലെത്തുമെന്ന് ഭാര്യ ശ്യാമളയ്ക്ക് ഉറപ്പ് നല്‍കിയാണ് സുളൂരില്‍ നിന്ന് യാത്ര തിരിച്ചത്. സംയുക്ത സൈനിക മേധാവിയുടെ മുഴുവന്‍ സമയ സുരക്ഷാസംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ട് ഏഴ് മാസം പിന്നിട്ടതേയുള്ളൂ. 2013ലാണ് സായ് തേജ സൈന്യത്തില്‍ ചേരുന്നത്. തൊട്ടടുത്ത വര്‍ഷം പാരാ കമാന്‍ഡോ പരീക്ഷ വിജയിച്ചതോടെ ബംഗ്ലൂരു സിപോയ് ട്രെയിനിങ് സെന്‍ററിലെ ട്രെയിനറായി. ഇതിന് പിന്നാലെയാണ് ജനറല്‍ ബിപിന്‍ റാവത്തിന്‍റെ സുരക്ഷാസംഘത്തിലേക്ക് എത്തുന്നത്. 

ഗ്രാമീണമേഖലയില്‍ നിന്നെത്തിയ സൈനികനാണ് സായ് തേജ. അ‍ച്ഛന്‍ മോഹന്‍ കര്‍ഷകനാണ്. ഗണേശോത്സവത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ സെപ്റ്റംബറിലാണ് സായ് ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തില്‍ വന്ന് മടങ്ങിയത്.വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

Read Also: ധീരസൈനികര്‍ക്ക് രാജ്യത്തിന്‍റെ ആദരാഞ്ജലി, വിലാപ യാത്ര സുലൂര്‍ വ്യോമതാവളത്തിലേക്ക്

 

click me!