
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി എകെകെ ശ്രീനിവാസിന്റെ പരിചാരകന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രിയുൾപ്പെടെ സംസ്ഥാന സെക്രട്ടറിയേറ്റിലെ 13 പേരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
"എന്റെ പരിചാരകൻ ട്രൂനാറ്റ് പരിശോധനയിൽ പോസിറ്റീവാണ് (സാധാരണയായി ടിബി പരിശോധനയ്ക്ക് ഉപയോഗിക്കുന്നു) ആർടി-പിസിആർ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഞാനും 13 സ്റ്റാഫ് അംഗങ്ങളും പരിശോധനയ്ക്ക് വിധേയരായി, ഞങ്ങൾക്കെല്ലാവർക്കും കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
സംസ്ഥാനത്ത് ലക്ഷണങ്ങളില്ലാത്ത കേസുകൾ വർദ്ധിച്ചുവരികയാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
നൂറുകണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കർനൂൾ, ഗുണ്ടൂർ, കൃഷ്ണ ജില്ലകളിലാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുർണൂലിൽ 343, ഗുണ്ടൂർ 283, കൃഷ്ണ 236 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ. 1332 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതർ.
കൊറോണ വൈറസ് വ്യാപനം പരിശോധിക്കുന്നതിനായി സ്വകാര്യ ആശുപത്രികൾ ഔട്ട്പേഷ്യന്റ് വിഭാഗം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. അതുപോലെ സർക്കാർ ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam