
ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതിക്കിടെ ഇന്നലെ മുതൽ ഇതുവരെ 140 ട്രെയിനുകൾ റദ്ദാക്കി. നൂറോളം ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. പലയിടങ്ങളിലും റെയിൽവേ പാളത്തിൽ വെള്ളം കയറിയതോടെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. ഇതുവരെ 27 മരണമാണ് റിപ്പോർട്ട് ചെയ്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
റെയിൽവേ എമർജൻസി കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈനുകളും തുടങ്ങി. രായണപാഡുവിൽ നിന്നും കൊണ്ടപ്പള്ളിയിൽ നിന്നും വിജയവാഡയിലേക്ക് 84 ബസുകളിലായി ബദൽ യാത്ര സൌകര്യം ഒരുക്കി.വിജയവാഡ, ഗുണ്ടൂർ നഗരങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വിജയവാഡ - ഗുണ്ടൂർ ദേശീയ പാത കാസയിലും വിജയവാഡ - ഹൈദരാബാദ് ദേശീയ പാത ജഗ്ഗയ്യപേട്ടിലും തകർന്നു. നദികളിലെ ജലനിരപ്പും ഉയരുകയാണ്.
17000 പേരെ 107 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. 1.1 ലക്ഷം ഹെക്ടറിലെ കൃഷി വെള്ളം കയറി നശിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ 15 പേരുടെയും ആന്ധ്രയിൽ 12 പേരുടെയും മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
സെപ്റ്റംബർ 2 മുതൽ 5 വരെ ആന്ധ്രാപ്രദേശിന്‍റെ തീരപ്രദേശത്ത് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെലങ്കാനയിലും ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നാണ് ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുന്നത്. ഇരു സംസ്ഥാനങ്ങളിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നൽകണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam