പ്രതിഷേധം ഫലം കണ്ടു; ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനം ഉടന്‍ ഇല്ലെന്ന് സര്‍ക്കാര്‍

By Web TeamFirst Published Dec 27, 2019, 4:16 PM IST
Highlights

അന്തിമ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി. അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റുന്നതിലുള്ള ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

അമരാവതി: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി. അമരാവതിയില്‍ നിന്ന് തലസ്ഥാനം മാറ്റുന്നതിലുള്ള ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

മൂന്ന് തലസ്ഥാനങ്ങള്‍ എന്ന ആശയം നടപ്പാക്കുന്നതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക്  ശേഷമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂ എന്നാണ് മന്ത്രിസഭാ യോഗത്തിനു ശേഷം സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ജിഎന്‍‍റാവു കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സ്വകാര്യ ഏജന്‍സി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. 

കര്‍ഷകരും പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, തെലുങ്ക് ദേശം പാര്‍ട്ടി എന്നിവയും പ്രതിഷേധങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് തലസ്ഥാനമെന്ന പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് നേരത്തെ പുറത്തുവന്ന സൂചന. ഇതിനെത്തുടര്‍ന്ന് കനത്ത സുരക്ഷാസംവിധാനങ്ങളാണ് അമരാവതിയില്‍ ഒരുക്കിയിരുന്നത്. 

ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ഭരണകേന്ദ്രം വിശാഖപട്ടണത്തായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. നീതിന്യായ തലസ്ഥാനം കുര്‍ണൂലും നിയമസഭാ ആസ്ഥാനം അമരാവതിയും ആയിരിക്കുമെന്നും പറഞ്ഞിരുന്നു.

മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് അമരാവതിയില്‍ തലസ്ഥാനനഗരത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. ഹൈക്കോടതിയടക്കമുള്ളവ ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് കെട്ടിടങ്ങളുടെ നിര്‍മ്മാണം ഇപ്പോള്‍ പാതിവഴിയില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 


 

click me!