
അമരാവതി: ഗ്രാമത്തിലേക്കുള്ള റോഡിനുവേണ്ടി ദശാബ്ദങ്ങൾ കാത്തിരുന്നിട്ടും പ്രാവർത്തികമാകാത്തതോടെ നിർമ്മാണത്തിനുള്ള തുക സ്വയം കണ്ടെത്തി പ്രദേശവാസികൾ. ആന്ധ്രാപ്രദേശിലെ ചിന്താമല ആദിവാസി ഗ്രാമത്തിൽ താമസിക്കുന്നവരാണ് റോഡ് നിർമ്മാണ ദൗത്യം സ്വയം ഏറ്റെടുത്തത്.
2000 രൂപ വീതം സമാഹരിച്ച് 10 ലക്ഷം രൂപയാണ് ഇവർ കണ്ടെത്തിയത്. ഇതിനായി ചില ഗ്രാമവാസികൾക്ക് തങ്ങളുടെ ആഭരണങ്ങൾ വിൽക്കേണ്ടിവന്നു. ഗ്രാമത്തിലേക്ക് വാഹനങ്ങൾ എത്തുന്നതിനായി നല്ലൊരു റോഡ് വേണമെന്നായിരുന്നു ഇവരുടെ വർഷങ്ങളായുള്ള ആവശ്യം. ഇതിനായി അധികൃതരുടെ കരുണക്കായി കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇതോടെയാണ് പ്രദേശവാസികൾ തന്നെ മുന്നിട്ടിറങ്ങിയത്. കൊഡമ പഞ്ചായത്തിന് കീഴിലുള്ളതാണ് ഈ ഗ്രാമം.
ഗോത്ര ഗ്രാമത്തിൽ 150 വീടുകളാണ് ഉള്ളത്. മഴക്കാലമാകുന്നതോടെ ഇവിടെയുള്ളവരുടെ ജീവിതം ദുരിതമാകും. നല്ല റോഡുകൾ ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളമുള്ള കാട്ടുപാത താണ്ടി ട്രക്കുകളിലാണ് അടിയന്തരഘട്ടങ്ങളിൽ പോലും ഗ്രാമവാസികൾ ആശുപത്രിയിലും മറ്റും എത്തിയിരുന്നത്.
ഗ്രാമവാസികൾ സംയുക്തമായി നടത്തിയ ചർച്ചയിലാണ് ഓരോ കുടുംബത്തിൽ നിന്നും 2000 രൂപ പിരിച്ച് പത്ത് ലക്ഷം സമാഹരിക്കാൻ തീരുമാനമായത്. ഗ്രാമവാസികൾ തന്നെയാണ് നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. കുന്നിൻമുകളിലൂടെയുള്ള അഞ്ച് കിലോമീറ്ററിലധികം റോഡിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.
അതേസമയം, സംയോജിത ഗോത്ര വികസന ഏജൻസി റോഡ്, കുടിവെള്ളം, ശുചിത്വം എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam