ദില്ലിയടക്കം തിങ്കളാഴ്ച മുതല്‍ മദ്യം വിൽക്കും: തിരക്കൊഴിവാക്കാൻ മദ്യ വില കൂട്ടി ആന്ധ്ര

By Web TeamFirst Published May 3, 2020, 6:01 PM IST
Highlights

ദില്ലിയിലും മുംബൈയിലും നാളെ മുതൽ മദ്യവിൽപന ആരംഭിക്കും

ദില്ലി: ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം രാജ്യത്ത് നാളെ ആരംഭിക്കും. ഭൂരിപക്ഷം സംസ്ഥാനങ്ങളും മദ്യവിൽപന പുനരാരംഭിക്കാൻ തീരുമാനിച്ചപ്പോൾ കേരളം, ജാ‍ർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രസ‍ർക്കാ‍ർ അനുമതി കൊടുത്തെങ്കിലും മദ്യവിൽപന വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. 

ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടത്തിൽ മദ്യവിൽപനയ്ക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ബാറുകളിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും മദ്യവിൽപനയ്ക്ക് തടസമില്ല. എന്നാൽ ഒരേസമയം അ‍ഞ്ച് പേരെ കൗണ്ടറിലുണ്ടാവാൻ പാടുള്ളൂ. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം മദ്യവിൽപന. 

പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, ദില്ലി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതുവരെ മദ്യവിൽപന തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഹോട്ട് സ്പോട്ടുകൾക്ക് വെളിയിലാവും ഇവിടങ്ങളിൽ മദ്യവിൽപന അനുവ​ദിക്കുക. ആന്ധ്രാപ്രദേശിൽ നാളെ മുതൽ മദ്യത്തിന് 25 ശതമാനം അധികം വില ഈടാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇടവേളയ്ക്ക് ശേഷം മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് ഈ നടപടി. 

രാജ്യതലസ്ഥാനമായ ദില്ലിയിലും നാളെ മുതൽ മദ്യശാലകൾ തുറക്കും. ദില്ലിയിൽ രജിസ്റ്റ‍ർ 545 മദ്യവിൽപനശാലകളിൽ 450 കടകളാണ് നാളെ തുറക്കുക. കൊവിഡ് വൈറസിൻ്റെ തീവ്രബാധിത മേഖലകളിൽ മദ്യശാലകൾ തുറക്കില്ല. മാളുകളിലെ മദ്യവിൽപനശാലകളും തുറക്കാൻ അനുവദിക്കില്ല. ‌‌

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള മുംബൈയിലും മഹാരാഷ്ട്രയിലെ തന്നെ പൂണൈയിലും നാളെ മുതൽ മദ്യശാലകൾ തുറക്കും. അതിതീവ്രബാധിത മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ മദ്യഷോപ്പുകൾ തുറക്കാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അതിതീവ്രമേഖലയ്ക്ക് പുറത്തുള്ള മദ്യവിൽപനശാലകൾ തിങ്കളാഴ്ച മുതൽ തുറക്കാൻ കർണാടക സർക്കാരും അനുമതി നൽകിയിട്ടുണ്ട്. കേരളത്തിൻ്റെ മറ്റൊരു അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ മദ്യവിൽപനയ്ക്ക് അനുമതി നൽകണമോ എന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും. 

click me!