ബഹുനില പാര്‍പ്പിട സമുച്ചയം ചെരിഞ്ഞു; ആളുകളെ ഒഴിപ്പിച്ചു; ഉടന്‍ പൊളിച്ചുമാറ്റും

By Web TeamFirst Published Oct 13, 2021, 10:42 AM IST
Highlights

കെട്ടിടം ചെരിയുന്നുവെന്ന പരാതി രാത്രിയോടെയാണ് താമസക്കാര്‍ ഫയര്‍ ആന്‍റ് റെസ്ക്യൂവില്‍ അറിയിച്ചത്. 

ബെംഗളൂരു: നഗരത്തില്‍ വീണ്ടും ബഹുനില പാര്‍പ്പിട സമുച്ചയം ചെരിഞ്ഞു. കനത്ത മഴ തുടരുന്ന ബെംഗളൂരുവില്‍ കമല നഗറിലെ നാലുനില കെട്ടിടമാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ചെരിഞ്ഞത്. രാത്രി താമസക്കാര്‍ പരിഭ്രാന്തരായതോടെ അധികൃതര്‍ എത്തി താമസക്കാരെ ഒഴിപ്പിച്ചു. അതേ സമയം ഉടന്‍ തന്നെ കെട്ടിടം പൊളിച്ചുമാറ്റാണ് തീരുമാനം. നഗരത്തിലെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

കെട്ടിടം ചെരിയുന്നുവെന്ന പരാതി രാത്രിയോടെയാണ് താമസക്കാര്‍ ഫയര്‍ ആന്‍റ് റെസ്ക്യൂവില്‍ അറിയിച്ചത്. കെട്ടിടത്തില്‍ താമസിക്കുന്നവരെ മാറ്റിയതായി ബെംഗളൂരു മഹാനഗര പാലിക അറിയിച്ചു. ഇവിടുന്ന് ഒഴിപ്പിച്ചവര്‍ക്ക് താമസസ്ഥലവും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ ഫൗണ്ടേഷന്‍റെ ഉറപ്പില്ലായ്മയാണ് കനത്ത മഴയിലുണ്ടായ മണ്ണൊലിപ്പില്‍ കെട്ടിടം ചെരിയാന്‍ ഇടയാക്കിയത് എന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. 

ബെംഗലൂരു നഗരത്തില്‍ ഇത്തരം പാര്‍പ്പിട സമുച്ചയങ്ങളുടെ പ്രശ്നങ്ങള്‍ മുന്‍പും വാര്‍ത്തയായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ബാനസവാടിക്ക് സമീപം കസ്തൂരിനഗര്‍ ഡോക്ടേര്‍സ് ലേഔട്ടില്‍ അഞ്ചുനില അപ്പാര്‍ട്ട്മെന്‍റ് കെട്ടിടം തകര്‍ന്ന് വീണിരുന്നു. കെട്ടിടം തകരും മുന്‍പ് താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല. ബെംഗളൂരു നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണ് ഇത്.

കഴിഞ്ഞ വാരം ഡയറി സര്‍ക്കിളിലെ കര്‍‍ണാടക മില്‍ക്ക് ഫെഡറേഷന് കീഴിലുള്ള മില്‍ക്ക് യൂണിയന്‍ ക്വര്‍ട്ടേസും, ലക്കാസന്ദ്രയിലെ മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന മൂന്ന് നില കെട്ടിടവും ഇത്തരത്തില്‍ തകര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.

click me!