
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. ധാത്രിയെന്ന് പേരിട്ട പെൺ ചീറ്റയെയാണ് ഇന്ന് ചത്ത നിലയിൽ കണ്ടെത്തിയത്. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തിയെന്നും വൈകാതെ വ്യക്തമാകുമെന്നും മധ്യപ്രദേശ് വനംവകുപ്പ് അറിയിച്ചു. ഇതോടെ വിവിധ അസുഖങ്ങൾ ബാധിച്ച് ചത്ത ചീറ്റകളുടെ ആകെ എണ്ണം ഒൻപതായി. അവശേഷിക്കുന്ന 14 ചീറ്റകളെയും നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസങ്ങളിലും അസുഖം ബാധിച്ച് രണ്ട് ചീറ്റകൾ ചത്തിരുന്നു. തുടർന്ന് വിശാല വനത്തിലേക്ക് തുറന്നുവിട്ട ചീറ്റകളെ നിയന്ത്രിത മേഖലയിലേക്ക് തിരിച്ചെത്തിക്കുകയും, റേഡിയോ കോളറുകൾ അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.