
ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ കേന്ദ്രസർക്കാരിനും അന്വേഷണ ഏജൻസികൾക്കും വൻ നേട്ടം. തട്ടിപ്പിന് ശേഷം ആന്റിഗ്വ എന്ന വിദേശ രാജ്യത്തിന്റെ പൗരത്വം നേടി ഇന്ത്യ വിട്ട മെഹുൽ ചോക്സിയുടെ പൗരത്വം റദ്ദാക്കാൻ ആന്റിഗ്വ സർക്കാർ തീരുമാനിച്ചതായി ഇവിടുത്തെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി.
മെഹുൽ ചോക്സി നൽകിയ പരാതി കോടതിയുടെ പരിഗണനയിൽ കിടക്കുന്നതിനാൽ ഇത് പൂർത്തിയായ ശേഷം മാത്രമേ ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കയറ്റി അയക്കൂ. ഇക്കാര്യം ഇന്ത്യയെ അറിയിച്ചതായി ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത നയതന്ത്ര സമ്മർദ്ദത്തെ തുടർന്നാണ് കരീബിയൻ രാജ്യമായ ആന്റിഗ്വ മെഹുൽ ചോക്സിയുടെ പൗരത്വം റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു.
തങ്ങളുടെ രാജ്യം കുറ്റവാളികൾക്കുള്ള സുരക്ഷിത കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഗാസ്റ്റൺ ബ്രൗൺ ഇതുമായി ബന്ധപ്പെട്ട് വിശദീകരിച്ചു. അതേസമയം കുറ്റവാളികൾക്കും മൗലികാവകാശങ്ങളുണ്ടെന്നും അതിനാൽ മെഹുൽ ചോക്സിക്ക് തന്റെ നിരപരാധിത്വം കോടതിയിൽ ബോധിപ്പിക്കാനും തന്റെ വാദങ്ങൾ ഉന്നയിക്കാനും അവസരം നൽകുമെന്നും ഗാസ്റ്റൺ ബ്രൗൺ വിശദീകരിച്ചു. ആന്റിഗ്വയിലെ ഈ നടപടികളെല്ലാം പൂർത്തിയായ ശേഷം മെഹുൽ ചോക്സിയുടെ പൗരത്വം റദ്ദാക്കി, അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചോക്സിയും നീരവ് മോദിയുമാണ് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികൾ. ബാങ്കിലെ ചില ജീവനക്കാരെ സ്വാധീനിച്ച്, 13,400 കോടി വായ്‌പയെടുത്ത ശേഷം തുക തിരിച്ചടക്കാതെ പറ്റിച്ചെന്നാണ് കേസ്. 2018 ലാണ് സംഭവം പുറത്തുവന്നത്. ഇതിന് മുൻപ് തന്നെ മെഹുൽ ചോക്സിയും നീരവ് മോദിയും രാജ്യം വിട്ടിരുന്നു.
കരീബിയൻ രാജ്യമായ ആന്റിഗ്വയിലാണ് മെഹുൽ ചോക്സി ഇപ്പോൾ താമസിക്കുന്നത്. ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ, താൻ വൈദ്യപരിശോധനയ്ക്ക് വേണ്ടിയാണ് രാജ്യം വിട്ടതെന്നാണ് മെഹുൽ ചോക്സി വ്യക്തമാക്കിയത്. അങ്ങിനെയെങ്കിൽ മെഹുൽ ചോക്സിയെ തിരികെ ഇന്ത്യയിലെത്തിക്കാൻ എയർ ആംബുലൻസ് നൽകാമെന്നായിരുന്നു എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam