
ദില്ലി:ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഈയാഴ്ച ചേരും.അധിര്‍ രഞ്ജന്‍ ചൗധരി പിന്‍വാങ്ങിയതിനാല്‍ പകരം ആര് എന്നതില്‍ ചര്‍ച്ച ഉടന്‍ തുടങ്ങും. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ തുടങ്ങുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും നടത്താനാകുമോ എന്നതടക്കം ഏഴ് പ്രധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് രാംനാഥ് കൊവിന്ദ് അധ്യക്ഷനായ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. റിപ്പോര്‍ട്ട് വൈകരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ദ്ദേശ പ്രകാരം ഈയാഴ്ച തന്നെ യോഗം ചേരാനാണ് നീക്കം. തുടര്‍ച്ചയായ സിറ്റിംഗുകള്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.ഏറ്റവും വലിയ ഒറ്റകക്ഷി നേതാവെന്ന നിലക്കാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. അധിര്‍ പിന്മാറിയതിനാല്‍ പീന്നീട് അംഗബലമുള്ള പാര്‍ട്ടി ഡിഎംകെയാണ്. സമിതിയെ എതിര്‍ക്കുന്നതിനാല്‍ ഡിഎംകെയും ക്ഷണം സ്വീകരിച്ചേക്കില്ല. പിന്നെയുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ അവര്‍ ക്ഷണം സ്വീകരിച്ചേക്കും.
സമിതിയെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആക്ഷേപം. 18ന് ചേരുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം സ്തംഭിപ്പിക്കാനും ആലോചനയുണ്ട്.ഇന്ത്യ സഖ്യവുമായി ആലോചിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. അതേ സമയം പരാജയ ഭീതികൊണ്ടാണ് പ്രതിപക്ഷം ഒരു ഒരു തെരഞ്ഞെടുപ്പ് സമിതിയേയും പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തെയും എതിര്‍ക്കുന്നതെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും, അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.