പുനസംഘടനക്ക് ശേഷം കശ്മീരിൽ സ്തംഭനാവസ്ഥ: ആപ്പിൾ വിപണിയും പ്രതിസന്ധിയിൽ: നേരിടുന്നത് കോടികളുടെ നഷ്ടം

By Web TeamFirst Published Nov 3, 2019, 10:13 AM IST
Highlights

കശ്മീരിലെ ആപ്പിൾ വിപണിയിൽ കോടികളുടെ നഷ്ടം. വെല്ലുവിളി ആകുന്നത് നിയന്ത്രണങ്ങളും ആപ്പിൾ കയറ്റി പോകുന്ന ലോറികൾക്ക് നേരെയുള്ള ആക്രമണങ്ങളും.

കശ്മീർ: പുനഃസംഘടനക്ക് പിന്നാലെ കശ്മീര്‍ മേഖലയിൽ തുടരുന്ന സ്തംഭനാവസ്ഥ ജമ്മു കശ്മീരിലെ ആപ്പിൾ വിപണിയിൽ ഉണ്ടാക്കുന്നത് കോടികളുടെ നഷ്ടം. നിയന്ത്രണങ്ങളും ആപ്പിൾ കയറ്റിപോകുന്ന ലോറികൾക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കശ്മീരിലെ ആപ്പിൾ വിപണിയിൽ വലിയ ആഘാതം ഉണ്ടാകുന്നത്. ആപ്പിൾ കര്‍ഷകരും മൊത്ത വ്യാപാരികളും ഇതോടെ ഒരു പോലെ പ്രതിസന്ധിയിലായി.

കശ്മീരിൽ നിന്ന് ജമ്മുവിൽ എത്തിച്ചാണ് ആപ്പിൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും അയക്കുന്നത്. എന്നാൽ തീവ്രവാദി ആക്രമണത്തിൽ ആപ്പിൾ ലോറിയുടെ ഡ്രൈവര്‍ കൊല്ലപ്പെട്ടതോടെ കശ്മീരിലേക്ക് പോകാൻ ഡ്രൈവര്‍മാര്‍ ഭയപ്പെടുകയാണ്.  ഇതോടെ സമയത്തിന് ആപ്പിൾ വിപണിയിൽ എത്തിക്കാൻ കര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും കഴിയാത്ത സ്ഥിതിയാണ്.

ഇപ്പോൾ സൈന്യത്തിന്‍റെ വാഹനവ്യൂഹത്തിന് ഒപ്പം മാത്രമാണ് ആപ്പിൾ ലോറികൾ കടത്തിവിടുന്നത്. ഇതിലെ കാലതാമസം മൂലം ആപ്പിൾ കേടാവുകയും ചെയ്യുന്നു. ആപ്പിളിന്‍റെ നിലവാരത്തെയും വിലയെയും ഇത് ബാധിച്ചു. 100 രൂപയിൽ നിന്ന് ഇപ്പോൾ ആപ്പിളിന്റെ വില 30 ആയി കുറഞ്ഞത് പ്രതിസന്ധി എത്ര രൂക്ഷമാണെന്ന് വ്യക്തമാക്കും.

രുചിയും പ്രത്യേക മണവും ഉള്ള കശ്മീരി ആപ്പിളുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാന്റാണുള്ളത്. എന്നാൽ നാല്പത് ശതമാനത്തിന്‍റേയെങ്കിലും കുറവാണ് ആപ്പിൾ കയറ്റു മതിയിൽ ഇപ്പോൾ ഉണ്ടായത്. പ്രതിവര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ ആപ്പിളാണ് കശ്മീരിൽ ഉല്പാദിപ്പിക്കുന്നത്. 

click me!