കേന്ദ്ര നിയമമന്ത്രിക്ക് മാറ്റം; കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയം, അർജ്ജുൻ റാം മേഘവാൾ പുതിയ നിയമമന്ത്രി

Published : May 18, 2023, 11:15 AM ISTUpdated : May 18, 2023, 03:33 PM IST
കേന്ദ്ര നിയമമന്ത്രിക്ക് മാറ്റം; കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയം, അർജ്ജുൻ റാം മേഘവാൾ പുതിയ നിയമമന്ത്രി

Synopsis

അർജുൻ  റാം മേഘവാളാണ് പുതിയ നിയമമന്ത്രി. കിരൺ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി.

ദില്ലി: കിരൺ റിജിജുവിനെ കേന്ദ്രനിയമമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് കിരൺ റിജിജുവിനെ മാറ്റിയത്. സഹമന്ത്രി അർജുൻ റാം മേഘ്വാളിന് നിയമമന്ത്രാലയത്തിൻ്റെ സ്വതന്ത്ര ചുമതല നല്‍കി. ജുഡീഷ്യറിയുമായുള്ള നിരന്തര ഏറ്റുമുട്ടലിലുള്ള അതൃപ്തിയാണ് റിജിജുവിനെ മാറ്റാനുള്ള കാരണമെന്നാണ് സൂചന. 

രവിശങ്കർ പ്രസാദിനെ ഒഴിവാക്കിയപ്പോഴാണ് രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂലൈയിൽ കിരൺ റിജിജുവിന് കേന്ദ്ര നിയമമന്ത്രി സ്ഥാനം നല്‍കിയത്. പിന്നീട് ജുഡീഷ്യറിയെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകളാണ് റിജിജു നിരന്തരം നടത്തിയത്. കൊളീജിയം സംവിധാനം ഒട്ടും സുതാര്യമല്ലാത്ത സംവിധാനം എന്ന് റിജിജു ആഞ്ഞടിച്ചു. ജഡ്ജിമാർ അവരുടെ സ്വന്തക്കാരെ ജഡ്ജിമാരായി നിയമിക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നും റിജിജു വിമർശിച്ചു. വിരമിച്ച ചില ജഡ്ജിമാർ രാജ്യവിരുദ്ധ സഖ്യത്തിൻ്റെ ഭാഗമാകുന്നു എന്ന് റിജിജു ആരോപിച്ചു. കോടതിയുടെ പരിഗണനയിലുള്ള സ്വവർഗ്ഗ വിവാഹം പോലുള്ള കേസുകളിൽ പരസ്യപ്രതികരണം മന്ത്രി നടത്തിയതിലും ജഡ്ജിമാർക്ക് അതൃപ്തി ഉണ്ടായിരുന്നു. സമൂഹത്തിന് വേണ്ടാത്തത് കോടതി അടിച്ചേല്പിക്കരുത് എന്നാണ് റിജിജു പറഞ്ഞത്. ദില്ലി സർക്കാരുമായുള്ള തർക്കം പോലുള്ള കേസുകളിൽ തോറ്റതും മാറ്റത്തിന് കാരണമെന്നാണ് സൂചന. 

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് ഉൾപ്പടെയുള്ള കേസുകളിൽ മോദി സർക്കാരിൻ്റെ അവസാന വർഷത്തിൽ തീരുമാനം വരാനിക്കുകയാണ്. പാർട്ടിയിലും സർക്കാരിലും അരുണാചലിൽ നിന്നുള്ള റിജിജു അതിവേഗം ഉയരുന്നതിനിടെയാണ് അപ്രധാനമായ മന്ത്രാലയത്തിലേക്കുള്ള ഈ മാറ്റം. പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും നന്ദി രേഖപ്പെടുത്തുന്നു എന്ന് കിരൺ റിജിജു പ്രതികരിച്ചു. റിജിജുവിനെ മാറ്റിയതിൻറെ കാരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നിലവിൽ പാർലമെൻ്ററികാര്യം, സാംസ്കാരികം എന്നീ വകുപ്പുകളിൽ സഹമന്ത്രിയായ അർജുൻ റാം മേഘവാളിനാണ് നിയമന്ത്രാലയത്തിൻ്റെ സ്വതന്ത്ര ചുമതല കൂടി നല്‍കിയത്. തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രാജസ്ഥാനിൽ നിന്നുള്ള നേതാവാണ് അർജുൻ റാം മേഘവാൾ. തല്ക്കാലം റിജിജുവിനാണ് മാറ്റമെങ്കിലും കേന്ദ്രമന്ത്രിസഭ പുനഃസംഘടന പിന്നീട് നടക്കുമെന്നാണ് സൂചന.

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ