
ദില്ലി: യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ (china) പ്രകോപനം സ്ഥിരീകരിച്ച് കരസേന മേധാവി ജനറല്‍ എംഎം നരവനെ (Manoj Mukund Naravane). കിഴക്കന്‍ ലഡാക്കിലെ (ladakh border) ചൈനയുടെ പ്രകോപനം ആശങ്ക ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. കൂടുതല്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്നു. എന്നാല്‍ പ്രകോപനപരമായ സാഹചര്യം നിലവില്‍ ഇല്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ രാജ്യത്തിന്റെ സൈന്യം9 indian army) സജ്ജമാണെന്നും നരവനെ (army chief) വ്യക്തമാക്കി.
'അനുനിമിഷം കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ചൈന ഏറ്റുമുട്ടലിന് മുതിർന്നാൽ തിരിച്ചടിക്കാന്‍ ശേഷി സൈന്യത്തിനുണ്ടെന്നും' കിഴക്കന്‍ ലഡാക്ക് സന്ദര്‍ശിച്ച കരസേന മേധാവി ജനറല്‍ എംഎം നരവനെ പ്രതികരിച്ചു. അതോടൊപ്പം അതിര്‍ത്തി തര്‍ക്ക വിഷയം പരിഹരിക്കാന്‍ പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഒക്ടോബര്‍ രണ്ടാം വാരം നടക്കുമെന്നും കരസേന മേധാവി അറിയിച്ചു.
നിയന്ത്രണ രേഖക്കടുത്ത് വഹാബ് സില്‍ഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രീംഗ് തുടങ്ങി എട്ടിടങ്ങളില്‍ ചൈനീസ് പട്ടാളത്തിനായുള്ള കൂടാരങ്ങളും മറ്റു നിർമ്മാണങ്ങളും നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കരസേന മേധാവിയുടെ സന്ദര്‍ശനം. ചെറു വ്യോമ താവളങ്ങളുടെയും ഹെലിപാഡുകളുടെയും നിർമ്മാണം പുരോഗമിക്കുന്നതായും വിവരമുണ്ട്.
പാംഗോങ് തടാകത്തിന്‍റെ ഇരു തീരങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച ചൈന ദോഗ്രയില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറാന്‍ ഇനിയും തയ്യാറായിട്ടില്ല. ക്വാഡ് ഉച്ചകോടിയിലും, യുഎന്നിലും ചൈനയുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉഭയകക്ഷി ചര്‍ച്ചയിലെ ധാരണ തെറ്റിക്കുന്നതിലെ അതൃപ്തി കഴിഞ്ഞ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ചൈനയെ നേരിട്ട് അറിയിച്ചിരുന്നു. പതിമൂന്നാംവട്ട ചര്‍ച്ച നടക്കാനിരിക്കേ ചൈനയുടെ പ്രകോപനത്തെ ശക്തമായി ചോദ്യം ചെയ്യാനാണ് ഇന്ത്യയുടെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam