
മുംബൈ: ഗണേശ ചതുർത്ഥി ദിനാഘോഷങ്ങളോട് അനുബന്ധിച്ച് സാനിട്ടൈസർ ഗണേശ വിഗ്രഹം നിർമ്മിച്ചിരിക്കുകയാണ് മുംബൈയിലെ ഗട്കാപൂർ പ്രദേശത്തുള്ള ആർട്ടിസ്റ്റ്. ഗണേശ വിഗ്രഹത്തിനുള്ളിൽ സെൻസര്‍ മെഷീനുകൾ ഘടിപ്പിച്ചിരിക്കുകയാണ്. വിഗ്രഹത്തിന് താഴെ കൈകൾ നീട്ടുമ്പോൾ സാനിട്ടൈസർ ലഭിക്കും. എല്ലാവർഷവും നൂതനവും വ്യത്യസ്തവുമായ രീതിയിൽ വിഗ്രഹങ്ങൾ നിർമ്മിക്കാറുണ്ട്. ഈ വർഷം കൊവിഡ് 19 വ്യാപനത്തെ കണക്കിലെടുത്താണ് ഈ ഗണേശവിഗ്രഹങ്ങളിൽ ഇത്തരമൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രഞ്ജാൽ ആർട്ട് സെന്ററിലെ ആർട്ടിസ്റ്റായ നിതിൻ രാംദാസ് ചൗധരി എഎൻഐയോട് വ്യക്തമാക്കി.
'ഗണപതി എല്ലാ വിഘ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വിഗ്രഹത്തിൽ സാനിട്ടൈസർ ഘടിപ്പിച്ചത്. ഗണപതി ഭഗവാൻ ഈ വൈറസിനെ നമ്മിൽ നിന്നും മാറ്റുമെന്നതിന്റെ പ്രതീകമാണിത്. ഭക്തർ വിഗ്രഹത്തിന് അടുത്തെത്തുമ്പോൾ സ്വാഭാവികമായി തന്നെ അവർക്ക് സാനിട്ടൈസർ ലഭിക്കും. സർക്കാരും അധികൃതരും കഠിനമായി പരിശ്രമിച്ചിട്ടും കൊവിഡ് വ്യാപനം കുറയുന്നില്ല.' ചൗധരി പറഞ്ഞു.
കൊവിഡ് ബാധയെ തുടർന്ന് ഈ വർഷം വിഗ്രഹ വിൽപന കുറവാണെങ്കിലും ഇത്തരം സവിശേഷമായ വിഗ്രഹങ്ങളിൽ ജനങ്ങൾ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും വിൽപനയിൽ വർദ്ധനവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് വിഗ്രഹങ്ങൾ മാത്രമാണ് ഇപ്പോൾ നിർമ്മിച്ചത്. എന്നാൽ ഇത്തരം വിഗ്രഹങ്ങൾക്ക് ജനങ്ങൾ ആഗ്രഹം പ്രകടിപ്പിക്കുന്നതിനാൽ കൂടുതൽ നിർമ്മിക്കാനാണ് തീരുമാനം. ഓഗസ്റ്റ് 22 നാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഗണേശ ചതുർത്ഥി ആഘോഷങ്ങൾ ആരംഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam