
തേനി: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മേജർ ജയന്തിന്‍റെ സംസ്കാരം ജന്മനാട് തമിഴ്നാട് തേനി ജില്ലയിലെ ജയമംഗലത്ത് നടന്നു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഇന്നലെ അർധരാത്രി മധുര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പുലർച്ചയോടെയാണ് ജന്മനാട്ടിൽ എത്തിച്ചത്.
തമിഴ്നാട് സർക്കാരിന് വേണ്ടി ഗ്രാമവികസനമന്ത്രി പെരിയസ്വാമി പുഷ്പചക്രം സമർപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും മൃതദേഹത്തിൽ അന്ത്യാഞ്ജലികൾ അർപ്പിച്ചു. മേജർ ജയന്തിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം മന്ത്രി പെരിയസ്വാമി മേജർ ജയന്തിന്‍റെ ഭാര്യക്ക് കൈമാറി.
അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരാണ് മരിച്ചത്. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. . 16ന് രാവിലെ രാവിലെ 9.15ഓടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം എയർ ട്രാഫിക് കൺട്രോളിന് നഷ്ടമായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവർത്തനം നടന്നുവരുന്നതിനിടെ ഹെലികോപ്റ്റർ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ നാട്ടുകാരാണ് അപകട വിവരം സൈന്യത്തെ അറിയിച്ചത്.
ഉടൻ സൈന്യവും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങി. അഞ്ച് സൈനികരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും അരുണാചലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അന്ന് അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വന മേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഈ മാസം ആദ്യം മുബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപെട്ടിരുന്നു. പതിവ് യാത്രക്കിടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ ഉണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്താനായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam